തളിപ്പറമ്പ് - യൂനിഫോമിനു അളവെടുക്കാൻ വിളിച്ചു വരുത്തി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ടെയ്‌ലർ പിടിയിൽ. തിമിരി ചെറുപാറ സ്വദേശിയും തളിപ്പറമ്പ് ഞാറ്റുവയലിൽ താമസക്കാരനുമായ വാഴവളപ്പിൽ ഹൗസിൽ അബ്ദുൽ ലത്തീഫാണ്(44) തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
തളിപ്പറമ്പിലെ ഒരു സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനി സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂനിഫോം തയ്പ്പിക്കാനാണ് അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഫോർസ്റ്റാർ ടെയ്‌ലറിംഗ് ഷോപ്പ് എന്ന സ്ഥാപനത്തിലെത്തിയത്. അളവിനായി ഡ്രസ് കൊടുത്തിരുന്നു. അളവ് ശരിയല്ലെന്നും കൃത്യ അളവ് എടുക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ചാണ് കുട്ടി മാതാവിനൊപ്പം കടയിലെത്തിയത്. മാതാവിനെ കടയിലിരുത്തി കടയുടെ അൽപ്പം അകലെയുള്ള മുറിയിലാണ് കുട്ടിയെ അളവെടുക്കാൻ കൂട്ടിക്കൊണ്ടുപോയത്. അളവെടുക്കുന്നതിനിടെ കുട്ടിയെ പല തവണ ഉപദ്രവിക്കുകയും ഒടുവിൽ പെൺകുട്ടി ടേപ്പ് തട്ടിയെറിഞ്ഞ് കരഞ്ഞുകൊണ്ട് മാതാവിന്റെ അടുത്തെത്തുകയുമായിരുന്നു. വിവരമറിഞ്ഞ മാതാവ് അബ്ദുൽ ലത്തീഫിനെ പൊതിരെ തല്ലി. ബഹളം കേട്ട് സമീപവാസികളെത്തുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് തളിപ്പറമ്പ് സി.ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്തു.