കയ്‌റോ - മുൻ ഒമാനി നയതന്ത്ര ഉദ്യോഗസ്ഥൻ അൽജീസ ഗവർണറേറ്റിലെ അൽമുഹന്ദിസീൻ ഡിസ്ട്രിക്ടിലെ ഫ്‌ളാറ്റിൽ കൊല്ലപ്പെട്ടു. കവർച്ച ലക്ഷ്യത്തോടെ ഫ്‌ളാറ്റിൽ കയറിയ മോഷ്ടാക്കൾ കുത്തിക്കൊല്ലുകയായിരുന്നു. നേരത്തെ കയ്‌റോ ഒമാൻ എംബസിയിൽ മീഡിയ അറ്റാഷെ ആയി സേവനമനുഷ്ഠിച്ചിരുന്ന ഹോദ് ബിൻ സൈഫ് അൽഅലവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നേരത്തെ ഒമാൻ ഇൻഫർമേഷൻ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ജനറലായും സേവനമനുഷ്ഠിച്ചിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വനിതാ ശുചീകരണ തൊഴിലാളിയും ഡ്രൈവറുമാണ് അറസ്റ്റിലായത്. കൊലപാതകത്തിനു ശേഷം വ്യത്യസ്ത ബ്രാൻഡുകളിൽ പെട്ട 14 മൊബൈൽ ഫോണുകളും ഏഴു വാച്ചുകളും ക്യാമറയും പണവും സേഫും സംഘം ഫ്‌ളാറ്റിൽ നിന്ന് കവർന്നതായി കണ്ടെത്തിയിട്ടുണ്ട്.