കണ്ണൂർ- കൊട്ടിയൂർ വനത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വിരിഞ്ഞ 23 രാജവെമ്പാല കുഞ്ഞുങ്ങളെ വനത്തിലേക്കു വിട്ടു. കൊട്ടിയൂരിനടുത്ത് വെങ്ങലേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മൂന്നു മാസം മുമ്പാണ് രാജവെമ്പാല കൂടൊരുക്കി മുട്ടയിട്ടത്. കഴിഞ്ഞ ദിവസമാണ് മുട്ട വിരിഞ്ഞത്. റാപ്പിഡ് റെസ്‌പോൺസ് ടീം അംഗം റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിലാണ് രാജവെമ്പാല കുഞ്ഞുങ്ങളെ പുറത്തെടുത്ത് കൊട്ടിയൂർ വനാന്തർഭാഗത്തേക്കു വിട്ടത്.
തനത് ആവാസ വ്യവസ്ഥയിലാണ് കൊട്ടിയൂരിൽ രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞത്. കഴിഞ്ഞ ദിവസം പറശ്ശിനിക്കടവ് സ്‌നേക് പാർക്കിൽ കൃത്രിമ ആവാസ വ്യവസ്ഥയിൽ നാല് രാജവെമ്പാല കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്വന്തമായി കൂടൊരുക്കിയാണ് രാജവെമ്പാല മുട്ടയിട്ടത്. 26 മുട്ടകളാണുണ്ടായിരുന്നത്. ഈ വിവരം അറിഞ്ഞ ഉടൻ സ്ഥലമുടമ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മുട്ടകൾ മഴയും മറ്റും കൊള്ളാതെ തനത് രീതിയിൽ തന്നെ സുരക്ഷ ഒരുക്കി സംരക്ഷിച്ചു. തുടർച്ചയായി നിരീക്ഷണവും നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ സംഘം എത്തി കൂടിന്റെ ആവരണം മാറ്റി പരിശോധിച്ചപ്പോൾ അഞ്ചോളം കുഞ്ഞുങ്ങൾ മുട്ട വിരിഞ്ഞ് പുറത്തു വന്നതായി കണ്ടെത്തി. തുടർന്ന് മണിക്കൂറുകളോളം കാത്തിരുന്നപ്പോഴാണ് ബാക്കി 17 ഓളം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവന്നത്. ഇവയെ ഉടൻ തന്നെ പ്രത്യേകമായി മാറ്റി. 26 മുട്ടകളിൽ ഒരെണ്ണം കേടുവന്നു. ബാക്കി രണ്ടെണ്ണം നിരീക്ഷിച്ചു വരികയാണ്. 90 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് മുട്ടകൾ വിരിഞ്ഞ
ത്. റിയാസ് മാങ്ങാടിനു പുറമെ, വന്യജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ അംഗങ്ങളായ അനിൽ തൃച്ചംബരം, ഹാർവെസ്റ്റ് ശ്രീജിത്ത്, എം.സി.സന്ദീപ്, സ്‌പെഷ്യൽ ഫോറസ്റ്റ് ഒഫീസർ വി.ആർ. ഷാജി, ബീറ്റ് ഓഫീസർമാരായ എം.കെ. ജിജോ, കെ.പി നീതു, മിനു എന്നിവർ രാജവെമ്പാല മുട്ടകൾ സംരക്ഷിക്കാനും കുഞ്ഞുങ്ങള പുറത്തെടുക്കാനും എത്തിയിരുന്നു.
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കോരോന്നിനും 40 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ നീളമുണ്ട്. വിരിഞ്ഞിറങ്ങി പത്തു ദിവസത്തിനു ശേഷം മാത്രമേ ഇവ ഭക്ഷണം കഴിക്കൂ. അതുവരെ സ്വാഭാവിക സാഹചര്യങ്ങൾ പരിചയപ്പെടുന്നതിനായാണ് ഇവയെ നേരത്തെ തന്നെ വനത്തിൽ വിട്ടത്. ചെറുപാമ്പുകളും മറ്റുമാണ് ഇവയുടെ ആഹാരം.