Sorry, you need to enable JavaScript to visit this website.

'ഇവരാരും നമ്മെ പൂജിക്കുകയും വാഴിക്കുകയും ചെയ്യേണ്ട'; കറ പിടിച്ച ജാതി ചിന്ത മാറണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തൃശൂർ - ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തിൽ നിയമ നടപടി ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇവരാരും നമ്മെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസ്സിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 
 തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ജാതി വ്യവസ്ഥ മനസിൽ പിടിച്ച കറയാണ്. കേരളീയ പൊതുസമൂഹം ഇത് അംഗീകരിച്ചു തരില്ലെന്നും ജാതി വ്യവസ്ഥ ഉള്ളിടത്തോളം കാലം അതിനെതിരായ പോരാട്ടം തുടരുമെന്നും ചർച്ചകളിലൂടെയാണ് മാറ്റം ഉണ്ടാക്കേണ്ടതെന്നും മന്ത്രി ഓർമിപ്പിച്ചു. 
 ഒരു ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ക്ഷേത്ര ചടങ്ങിൽ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയതിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും പൈസക്ക് അയിത്തമില്ല, മനുഷ്യനാണ് അയിത്തമെന്നും മന്ത്രി പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
 

Latest News