റിയാദ് - ഭീകരപ്രവർത്തനങ്ങൾ നടത്തിയ കേസിൽ ജോർദാനിയെ പ്രത്യേക കോടതിയിൽ വിചാരണ ചെയ്യുന്നു. സൗദി ഭരണാധികാരികളെയും സുരക്ഷാ ഭടന്മാരെയും സർക്കാർ ജീവനക്കാരെയും മറ്റു അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലെ ഭരണകൂടങ്ങളെയും അവിശ്വാസികളായി മുദ്രകുത്തൽ, ഐ.എസിൽ ചേർന്ന് പ്രവർത്തിക്കൽ, ഐ.എസ് നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യൽ, സിറിയയിലും യെമനിലും പോയി ഐ.എസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ശ്രമിക്കൽ, കാർ അഗ്നിക്കിരയാക്കി സുരക്ഷാ ഭടനെ വധിക്കുന്നതിന് പദ്ധതിയിടൽ, മറ്റൊരാളുമായി ചേർന്ന് അയൽവാസിയായ സുരക്ഷാ ഭടനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തൽ, സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് ചാവേറാക്രമണം നടത്തുന്നതിന് സന്നദ്ധത പ്രകടിപ്പിക്കൽ, സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നതിൽ പരിശീലനം നേടൽ, ചെക്ക് പോസ്റ്റിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ബോംബ് നിർമിക്കുന്നതിന് ആവശ്യമായ വസ്തുക്കൾ എത്തിക്കൽ, സുരക്ഷാ ഭടന്മാരെ വിഷം കൊടുത്ത് വധിക്കുന്നതിന് വീട്ടിൽ വിഷം നിർമിക്കൽ എന്നിവ അടക്കമുള്ള ആരോപണങ്ങളാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. ഭീകരന് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കണമെന്നും ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തുന്നതിന് വിധിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.