റിയാദ് - വിവിധ പ്രവിശ്യകളിൽ ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ഗവൺമെന്റ് ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്ത ഏതാനും പേരെ കോടതികൾ ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുറ്റക്കാർക്ക് തടവും പിഴയും ചാട്ടയടിയുമാണ് കോടതികൾ വിധിച്ചത്. ആരോഗ്യ പ്രവർത്തകർ ആക്രമണങ്ങൾക്ക് വിധേയരായ സ്ഥാപനങ്ങൾക്കു മുന്നിൽ വെച്ചു തന്നെ പ്രതികൾക്ക് ചാട്ടയടികൾ നടപ്പാക്കണമെന്ന് കോടതികൾ വിധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ ആരോഗ്യ മന്ത്രാലയം കേസുകൾ നടത്തുകയായിരുന്നു.
ആരോഗ്യ മന്ത്രാലയ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വാക്കാലോ കായികമായോ അവരെ ആക്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് പത്തു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ആക്രമണങ്ങൾക്ക് വിധേയരാകുന്ന ആരോഗ്യ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമാനുസൃതമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണങ്ങൾക്കും തെറിവിളിക്കലുകൾക്കും ഇരകളാകുന്ന ആരോഗ്യ മേഖലാ ജീവനക്കാർ 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് പരാതികൾ നൽകണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.