കോഴിക്കോട്-മഴക്കാലം കേരളത്തെ മറന്നുവെന്ന് ഇനി വിലപിക്കേണ്ടതില്ല. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ അറച്ചു നിന്ന മഴ തകര്‍ത്തു പെയ്യുകയാണ് സംസ്ഥാനത്ത്. എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചു. കോഴിക്കോട്ടാണ് ഏറ്റവും കൂടുതല്‍. ഈ വര്‍ഷം ലഭിക്കേണ്ട മഴയില്‍ 93 ശതമാനവും ഇതിനകം ലഭിച്ചുവെന്നാണ് കണക്ക്. തീര്‍ന്നില്ല. ശക്തമായ മഴ വരുന്നുവെന്നാണ് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കന്‍ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം കിഴക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി ദുര്‍ബലമായി. വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളില്‍ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.