കൊല്ലം - അക്ഷയ സെന്ററിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി അന്വേഷണ സംഘം.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യ കർണാടക കുടക് സ്വദേശിനിയായ നാദിറ ജോലി ചെയ്യുന്ന കൊല്ലം പാരിപ്പളളിയിലെ അക്ഷയ സെന്ററിൽ ഭർത്താവും വിവിധ കേസുകളിലെ പ്രതിയുമായ പാരിപ്പള്ളി കിഴക്കനേല സ്വദേശി റഹീം എത്തിയത്. സംശയരോഗത്തെ തുടർന്ന് നാദിറയെ പലപ്പോഴും റഹീം ദേഹോപദ്രവമേൽപ്പിച്ചിരുന്നു. നാദിറയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് റിമാൻഡിലായിരുന്ന റഹീം നാലുദിവസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. തുടർന്നാണ് നാടിനെ ഞെട്ടിച്ച അതി ദാരുണ കൊല നടത്തിയത്.
ഹെൽമറ്റ് ധരിച്ച് ഒരു കൈയിൽ പെട്രോളുമായാണ് ഭാര്യയുടെ ജോലിസ്ഥലത്തേക്കുള്ള പ്രതിയുടെ വരവ്. അക്ഷയ സെന്ററിലെത്തി ഭാര്യയെ അന്വേഷിക്കുകയായിരുന്നു. അസ്വാഭാവികതയൊന്നും തോന്നാത്തതിനെ തുടർന്ന് ജീവനക്കാർ പ്രവേശനം തടഞ്ഞതുമില്ല. എന്നാൽ, പ്രതി ഉടനെ ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈയിലുണ്ടായിരുന്ന പെട്രോൾ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തടയാൻ ശ്രമിച്ചവർക്കുനേരെ കത്തി വീശി ഭീഷണിപ്പെടുത്തി വെന്തുമരിച്ചെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. ശേഷം അമ്പത് മീറ്റർ അകലെയുള്ള ഒരു വീട്ടിലെ കിണറിലാണ് റഹീം ചാടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വാടക വീട്ടിലായിരുന്നു താമസം. 18 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് 15ഉം 13ഉം വയസ്സ് പ്രായമായ രണ്ട് മക്കളുണ്ട്.