Sorry, you need to enable JavaScript to visit this website.

സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1,500 പേർ ഹജിന്

ജിദ്ദ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം യെമനിൽ നിന്നും സുഡാനിൽ നിന്നും 1,500 പേർ ഹജ് കർമം നിർവഹിക്കാനെത്തും. യെമനിൽ നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കുന്നതിന് പ്രവർത്തിക്കുന്ന സഖ്യസേനയുടെ ഭാഗമായ സുഡാൻ, യെമൻ സൈന്യങ്ങളിൽനിന്ന് വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കൾക്കും ആശ്രിതർക്കുമാണ് രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നതിന് അവസരം നൽകുന്നത്. വീരമൃത്യുവരിച്ച യെമൻ, സുഡാൻ സൈനികരുടെ ബന്ധുക്കളെ തന്റെ അതിഥികളിൽ ഉൾപ്പെടുത്തി ഹജ് നിർവഹിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സൽമാൻ രാജാവ് നിർദേശം നൽകുകയായിരുന്നു. 
ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന കിംഗ് സൽമാൻ ഹജ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. രാജാവിന്റെ അതിഥികളായി സുഡാനിൽ നിന്നും യെമനിൽ നിന്നും 1,500 തീർഥാടകരെ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പൂർത്തിയാക്കിവരികയാണെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഫലസ്തീനിൽനിന്നും ലോക രാജ്യങ്ങളിൽ നിന്നും നിരവധി പേർക്ക് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ എല്ലാ വർഷവും അവസരമൊരുക്കാറുണ്ട്. 

Latest News