Sorry, you need to enable JavaScript to visit this website.

വയനാട് വികസനം: പ്രത്യേക പാക്കേജ് രൂപീകരിച്ച് നടപ്പാക്കണം -വെൽഫെയർ പാർട്ടി

കൽപറ്റ- വയനാട് ജില്ലയുടെ ആവശ്യകതയും വിവിധ സാധ്യതകളും മുൻ നിറുത്തി സമഗ്രമായ വികസിത വയനാട് പാക്കേജ് രൂപീകരിച്ച് നടപ്പിലാക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസന ഭൂപടത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ജില്ലയാണ് വയനാട്. കേന്ദ്ര കേരള സർക്കാറുകളുടെ നിരന്തരമായ വിവേചനസമീപനം കാരണം പൊതുവെ വികസന വിവേചനം നേരിടുന്ന മറ്റു മലബാർ ജില്ലകളിൽ നിന്നും ഏറെ പിറകിലാണ് വയനാടിന്റെ സ്ഥാനമുള്ളത്. കേരളത്തിൽ ദലിത് ആദിവാസി ഇതര പിന്നോക്ക വിഭാഗങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള ജില്ലയാണ് വയനാട്. കാർഷിക മേഖലയിലും ടൂറിസം മേഖലയിലും വയനാടിന് അതിന്റേതായ സവിശേഷതകൾ ഉണ്ട്. വനസമ്പത്ത് കൊണ്ടും പ്രകൃതി വിഭവങ്ങളാലും കേരളത്തിന്റെ അഭിമാനമായി മാറേണ്ട ജില്ല കൂടിയാണ് വയനാട് ജില്ല. എന്നാൽ മാറി ഭരിച്ച കേരള സർക്കാറുകളും കേന്ദ്ര സർക്കാറും വയനാട് ജില്ല നിവാസികളോട് കടുത്ത വിവേചനമാണ് പുലർത്തിപ്പോരുന്നത്. സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഈ വിവേചനം കാണാൻ സാധിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ ഒന്നിപ്പ് കേരള പര്യടനത്തിന്റെ ഭാഗമായി കൽപറ്റയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വയനാട്ടിലെ ആദിവാസി ദലിത് ഇതര പിന്നോക്ക വിഭാഗങ്ങളിൽ പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കണം. ഭൂരഹിതരില്ലാത്ത വയനാട് പ്രവർത്തികമാക്കണം. കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ആവശ്യത്തിന് കൊടുക്കാനുള്ള ഭൂമി ഇവിടെ ഉണ്ടെന്ന് വെൽഫെയർ പാർട്ടി പലപ്പോഴും സമർഥിക്കുകയും അധികാരികളുടെ മുമ്പിൽ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതമായി കയ്യേറ്റം ചെയ്ത മുഴുവൻ ഭൂമിയും ഒഴിപ്പിക്കണം. എന്നാൽ പട്ടയ ഭൂമിയിലെ അനധികൃത നിർമാണങ്ങളും കയ്യേറ്റങ്ങളും കൂടി ക്രമപ്പെടുത്താനുള്ള നിയമനിർമാണമാണ് നിയമസഭ സമ്മേളനത്തിൽ സർക്കാർ നടത്തിയിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്നത് ശരിയല്ല. വയനാട്ടിലെ കർഷക ആത്മഹത്യകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കർഷകരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ മുന്തിയ പരിഗണന നൽകണം.

മാനന്തവാടി മക്കിമല ജീപ്പപകടത്തിൽ മരണപ്പെട്ട തോട്ടം തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. പരിക്കേറ്റ് ആസ്പത്രിയുലുളളവരുടെ മുഴുവൻ ചികിത്സാ ചെലവു കളും സർക്കാർ ഏറ്റെടുക്കുകയും അവർക്ക് 5 ലക്ഷം വീതം സഹായധനം നൽകുകയും വേണം.

കേരളത്തിന്റെ റെയിൽവേ ഭൂപടത്തിൽ വയനാട് ജില്ലയില്ല. വയനാട്ടിലൂടെ കടന്നു പോകുന്ന നിലമ്പൂർ നഞ്ചൻഗോഡ് റെയിൽ പാതയ്ക്ക് വേണ്ടി കേരള സർക്കാരും കർണാടക സർക്കാരും സംയുക്തമായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. വയനാട് എം.പി രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രത്യേക താൽപര്യമെടുക്കണം. 
ആരോഗ്യ മേഖലയിൽ ജില്ലയുടെ സ്ഥിതി അതീവ ദയനീയമാണ്. സ്വന്തമായി മെഡിക്കൽ കോളേജില്ലാത്ത ജില്ലകളിൽ ഒന്നാണ് വായനാട്. മാനന്തവാടി ജില്ലാ ആശുപത്രിയുടെ ബോർഡ് വയനാട് മെഡിക്കൽ കോളേജ് എന്നാക്കിമാറ്റി എന്നതിൽ കവിഞ്ഞുള്ള മാറ്റമൊന്നും ഇതേ വരേയ്ക്കും നടന്നിട്ടില്ല. മതിയായ ചികിത്സ സൗകര്യങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. അടിയന്തര ആവശ്യങ്ങൾക്ക് ചുരം ഇറങ്ങേണ്ട ഗതികേട് ഇനിയും വയനാട്ടുകാരിൽ അടിച്ചേൽപിക്കരുത്.  മെഡിക്കൽ കോളേജിന്റെ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ ബന്ദിപ്പൂർ വനമേഖലയിലെ രാത്രി യാത്ര നിരോധനം എടുത്തു കളയണം. 14 വർഷമായി തുടരുന്ന നിരോധനം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ശല്യം ഒഴിവാക്കാൻ വിദഗ്ധ പഠനം നടത്തി മനുഷ്യ ജീവനെ പരിഗണിച്ചു കൊണ്ടുള്ള സമീപനം സ്വീകരിക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈക്കൊള്ളണം. മനുഷ്യ മൃഗ സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടി കേരളം സമർപ്പിച്ച പദ്ധതി തിരിച്ചയച്ച കേന്ദ്ര നടപടി ശരിയല്ല. ആത്യന്തിക വാദങ്ങൾക്കും രാഷ്ട്രീയ വടംവലികൾക്കും അപ്പുറം ജീവനും നിലനിൽപിന് മുൻഗണന കൊടുത്തു കൊണ്ടുള്ള സമീപനം സ്വീകരിക്കാൻ അധികൃതർ തയാറാകണം -റസാഖ് പാലേരി ആവശ്യപ്പെട്ടു. 
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി. പിഷാരടി, മിർസാദ് റഹ്്മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest News