കോട്ടയം - ക്ഷേത്ര ചടങ്ങിൽ ജാതി വിവേചനം നേരിട്ടെന്ന ഗുരുതര ആരോപണവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്നും അതിന് താൻ അവിടെ വച്ചുതന്നെ മറുപടി നൽകിയെന്നും മന്ത്രി പറഞ്ഞു. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വയ്ക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
'ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാൻ എന്റെ നേർക്കുകൊണ്ടുവരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും, അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു. പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാൽ എനിക്കു തരാതെ അതു നിലത്ത് വച്ചു. അതെടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് പോയി പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ പ്രസംഗിക്കേണ്ടിയും വന്നു.
ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു. ഏത് പാവപ്പെട്ടവൻ കൊടുക്കുന്ന പൈസക്കും അയിത്തമില്ല. നമുക്ക് അയിത്തമുണ്ട്. പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇത് തുറന്നു പറയേണ്ടിവന്നുവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഏത് ക്ഷേത്രത്തിൽ വച്ച് എന്ന് എപ്പോഴാണ് ഇത്തരമൊരു ദുരനുഭവമെന്ന് മന്ത്രി പറഞ്ഞിട്ടില്ല.