മക്ക - വിശുദ്ധ ഹറമിനു സമീപം ഇബ്രാഹിം അൽഖലീൽ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ അഗ്നിബാധ. ബംഗ്ലാദേശിൽ നിന്നുള്ള തീർഥാടകർ താമസിക്കുന്ന ഹോട്ടലിന്റെ പത്താം നിലയിലെ മുറിയിലാണ് തീ പടർന്നുപിടിച്ചത്. മുൻകരുതലെന്നോണം സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ തീർഥാടകരെയും സിവിൽ ഡിഫൻസ് അധികൃതർ ഒഴിപ്പിച്ചു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു.
ഇന്നലെ രാവിലെ 8.18 ന് ആണ് അഗ്നിബാധയെ കുറിച്ച് സിവിൽ ഡിഫൻസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് മക്ക സിവിൽ ഡിഫൻസ് വക്താവ് മേജർ നായിഫ് അൽശരീഫ് പറഞ്ഞു. പത്തൊമ്പതു നില ഹോട്ടലിൽ പത്താം നിലയിലെ മുറിയിൽ സ്പ്ലിറ്റ് എയർകണ്ടീഷനറിലാണ് തീ പടർന്നുപിടിച്ചത്. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.