എസ്. ഹരീഷ് എന്നൊരാൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിവന്നിരുന്നതും മൂന്നാമത്തെ ലക്കമാകുമ്പോഴേക്കും പിൻവലിച്ചതുമായ നോവൽ ഞാൻ കണ്ടിട്ടില്ല. എഴുത്തുകാരനെ അറിയുകയുമില്ല. അതുകൊണ്ട് അതിനോടുള്ള എതിർപ്പിനെപ്പറ്റിയോ അതു പിൻവലിച്ചതിനെപ്പറ്റിയോ അഭിപ്രായം പറയാൻ വയ്യെന്നല്ല. പൊതുവേ പറഞ്ഞാൽ, ഒന്നും തടയുകയോ പിൻവലിക്കേണ്ടിവരികയോ ചെയ്യുന്നത് സ്വതന്ത്ര സമൂഹത്തിനു ചേർന്നതല്ലെന്നാണ് എന്റെ നിലപാട്. അതേ സമയം, വക്കാണവും വെടിവെപ്പും ഒഴിവാക്കാൻ എന്തെങ്കിലും നിരോധിക്കണമെങ്കിൽ തൽക്കാലം നിരോധിക്കുകയുമാവാം. ഒരേ ശ്വാസത്തിൽ രണ്ട് വിരുദ്ധാഭിപ്രായങ്ങൾ പറയുന്നുവെന്നു തോന്നിക്കാവുന്ന നിലപാടിൽ എത്തിച്ചേരാനുണ്ടായ ചില കാരണങ്ങളും സംഭവങ്ങളും ഓർത്തെടുക്കട്ടെ.
നിരോധനം ആദ്യം അനുഭവപ്പെട്ടത് സ്‌കൂളിൽ കുമാരസംഭവത്തിലെ ഒരു സർഗം പഠിക്കുമ്പോഴായിരുന്നു. അതിൽ ഒരു ശ്ലോകം മുഴുവനായി കൊടുക്കാതെ, ഒടുവിലത്തെ രണ്ടുവരികൾക്കു പകരം വെറും കുത്തുകൾകൊണ്ടു തൃപ്തിപ്പെട്ട പാഠപുസ്തക നിർമ്മാതാവിനോട് അരിശം തോന്നി. ഈണത്തിൽ ശ്ലോകം ചൊല്ലിയിരുന്ന പറിഞ്ചു മാഷ് മറച്ചുവെച്ചിരുന്ന ഭാഗത്തെത്തിയപ്പോൾ ഒന്ന് അറച്ചു. പിന്നെ ഞങ്ങളുടെ നിലക്കാത്ത ചോദ്യങ്ങൾക്കു മറുപടിയായി ഇത്രയും പറഞ്ഞു: പാഠപുസ്തകത്തിൽ കൊടുക്കാത്ത ഭാഗം മനസ്സിലാക്കാൻ കുട്ടികൾക്കു പ്രായമായിട്ടില്ലെന്ന് പാഠപുസ്തകം തയ്യാറാക്കിയവർ കരുതിക്കാണും. ശിവന്റെ ബീജം താങ്ങാൻ പാർവതിക്കേ കഴിയൂ എന്നാണ് ആ ശ്ലോകഭാഗത്തിന്റെ താൽപര്യം. അത്രയും പറഞ്ഞൊപ്പിച്ച്, ഒരു പുഞ്ചിരിയോടെ പറിഞ്ചു മാഷ് അടുത്ത ഭാഗത്തേക്കു നീങ്ങി.
രതിയാണ് മിക്കപ്പോഴും വിവാദത്തിന്റെയും നിരോധനത്തിന്റെയും അടിസ്ഥാനം. ചിലപ്പോൾ, കുട്ടികൾക്ക് ദഹിക്കില്ലെന്ന ധാരണയിൽ ഗ്രന്ഥകർത്താക്കളോ പ്രസാധകരോ ഒരു പുസ്തകം സ്വയം ഒഴിവാക്കുന്നു അല്ലെങ്കിൽ പിൻവലിക്കുന്നു. മറ്റു ചിലപ്പോൾ, ഒതുക്കാൻ വയ്യാത്ത എതിർപ്പു വരുമ്പോൾ സർക്കാർ ഒരു പുസ്തകം നിരോധിക്കുന്നു. അപ്പോഴെല്ലാം ഉൽപതിഷ്ണുത്വത്തിന്റെ ഉദ്ഗാതാക്കൾ ധർമ്മരോഷത്തിൽ ജ്വലിക്കുകയാവും. അവർക്കറിയാം, പലപ്പോഴും നിരോധിക്കണമെന്ന വാദം ഇളക്കിവിടാൻ പോന്ന ചിലതൊക്കെ അച്ചടിച്ചുവരും. ആരും ഗൗനിച്ചേക്കില്ല. ഉദാഹരണം പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗായക കവിയായിരുന്ന ജയദേവന്റെ ഗീതഗോവിന്ദം. വിപരീത രതിയെപ്പറ്റിപ്പോലും പരാമർശമുള്ള അത് ജനം പ്രാർഥനാ ഭാവത്തിൽ ചൊല്ലുമ്പോൾ ആരും അത്ഭുതപ്പെടാറില്ല. മുതിർന്നവരും പരിപാകം വന്നവരുമല്ലേ ഭക്തജനം എന്നാകാം ഒരു വ്യാഖ്യാനം.
പുസ്തകം തടയുകയോ പിൻവലിക്കുകയോ ചെയ്യുമ്പോഴത്തെ ഒരു പ്രധാന പരിഗണന അതു തന്നെ: വായനക്കാർ മുതിർന്നവരോ മാനസികമായി പരിപാകം വന്നവരോ ആണോ? വിജയ് ടെൻഡുൽക്കറുടെ സഖാറാം ബൈൻഡർ എന്ന മറാഠി നാടകത്തിന്റെ നിരോധന ശ്രമത്തിനെതിരെ നിയമയുദ്ധം നടത്തുമ്പോൾ അശോക് ദേശായി ഉന്നയിച്ച മുഖ്യവാദവും അതായിരുന്നു. ലൈംഗിക പ്രശ്‌നം പരോക്ഷമായി ചർച്ചക്കെടുക്കുന്ന ആ നാടകത്തിന്റെ കാണികളോ വായനക്കാരോ മാനസികമായി മുതിർന്നവരാകും, 'ആലങ്കാരികമായി ബാലികമാർ' ആവില്ല എന്നദ്ദേഹം സമർഥിച്ചു. ഏകദിശാ ബോധത്തോടുകൂടി വാച്യാർഥം മാത്രം അറിഞ്ഞു വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാമെന്നതുകൊണ്ട് ഒരു പുസ്തകം മുതിർന്നവർക്കുപോലും കിട്ടാതാക്കുന്നതിനെ അദ്ദേഹം എതിർത്തു. അന്നത് നീതിപീഠം മനസ്സിലാക്കുകയും ചെയ്തു.
കുറേക്കൂടി വിശാല തലത്തിൽ ലോകമെങ്ങും അപ്പപ്പോഴായി ഗ്രന്ഥരചനയിലെ ലൈംഗിക സാധ്യതകളും നിരോധങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ലേഡീ ചാറ്റർലിയുടെ കാമുകൻ എന്ന ഡി.എച്. ലോറൻസിന്റെ നോവൽ യാഥാസ്ഥിതികർക്കേറ്റ അടിയായായിരുന്നു. ഒരു പടി കൂടി കടന്ന് ഇർവിംഗ് വാലസ് ഏഴു നിമിഷം എഴുതുമ്പോഴേക്കും കാലം ഏറെ മാറി. നിരോധനത്തിന്റെയും എതിർപ്പിന്റെയും ബാലിശത്വം വെളിവാക്കുകയായിരുന്നു വാലസിന്റെ ആഖ്യായിക. എന്നാലും ലൈംഗികമായും സദാചാരപരമായും പല കൃതികളും പിന്നെയും എതിർക്കപ്പെട്ടുകൊണ്ടിരുന്നു. ബഷീറിന്റെ ശബ്ദങ്ങൾ ആയിരുന്നു ആ ഇനത്തിൽ നമ്മുടെ ഒരു സംഭാവന. യേശുവിന്റെ ചില മനുഷ്യഭാവങ്ങൾ പരിശോധിച്ച കസാൻസാക്കിസ് വിമർശനവിധേയനായി. സാത്വികനും വിശ്വാസിയുമായിരുന്നു കസാൻസാക്കിസ്. എന്നിട്ടും അദ്ദേഹത്തിന്റെ ക്രിസ്തുവിന്റെ അവസാനത്തെ ആഗ്രഹം, നോവലായപ്പോഴും സിനിമയായപ്പോഴും, എതിർക്കപ്പെട്ടു.
അതിന്റെ ചുവടൊപ്പിച്ച് പി.എം. ആന്റണി എന്ന അറിയപ്പെടാത്ത ഒരു നാടകക്കാരൻ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പ്രഹസനം തയ്യാറാക്കിയപ്പോൾ പൊല്ലാപ്പായി. ളോഹയണിഞ്ഞ പാതിരിമാർ പ്രതിഷേധവുമായി നിരത്തിലിറങ്ങി. പ്രതിഷേധത്തിന്റെ നിറം എന്തായാലും വിരണ്ടുപോയിരുന്ന കരുണാകരന്റെ മന്ത്രിസഭ ഉടനേ നാടകം നിരോധിച്ചു. മന്ത്രിമാരോ ഉദ്യോഗസ്ഥരോ അന്നൊന്നും നാടകം കാണുകയോ വായിക്കുകയോ ചെയ്തിരുന്നില്ല. നാടകത്തിന്റെ രുചി അറിയാൻ അതിന്റെ കോപ്പി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന സി.പി. നായർ വരുത്തുകയുണ്ടായി. സൂത്രത്തിൽ അതിലൂടെ ഞാനും കണ്ണോടിച്ചു. സ്വതവേ നിരോധനത്തിനെതിരായിരുന്ന എനിക്ക് അതിൽ അശ്ലീലമായ ഒന്നും കാണാനായില്ല. കസാൻസാക്കിസിന്റെ ഉദാത്തമായ രചന ഇത്ര ജളത്വത്തോടെ കൈകാര്യം ചെയ്യപ്പെട്ടല്ലോ എന്നേ തോന്നിയുള്ളു. എന്നാലും ആന്റണിയുടെ തിരുമുറിവ് അൽപകാലം നിരോധിക്കപ്പെടുകയും നാടകക്കാരൻ അറിയപ്പെടുകയും ചെയ്തു. അന്ന് ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു: പുസ്തകം നിരോധിക്കുകയാണെങ്കിൽ അത് സാഹിത്യമൂല്യം അളന്നിട്ടാവില്ല. തക്കതായ കാരണത്താലോ അല്ലാതെയോ ആളുകളെ ഇളക്കിവിടുമോ എന്നതാവും പരിഗണന. ക്രമസമാധാനം നിലനിർത്താൻ വേണമെങ്കിൽ സുവിശേഷം പോലും നിയന്ത്രിക്കേണ്ടി വരാം.
ഒരിക്കൽ ഭഗവദ് ഗീത പോലും നിരോധിക്കപ്പെടുകയോ തമസ്‌ക്കരിക്കപ്പെടുകയോ ഉണ്ടായി. ഏറെ വിമർശിക്കപ്പെട്ട അടിയന്തരാവസ്ഥ തന്നെ സന്ദർഭം. എ.ഡി. ഗോർവാല എന്ന വയോധികനായ ഒരു മുൻ ഐ.സി.എസുകാരൻ ഒപിനിയൻ എന്ന ഒരു മാസിക നടത്തിയിരുന്നു. ഏതോ സന്ദർഭത്തിൽ ഒരു ലേഖനത്തിൽ ഗീത ഉദ്ധരിക്കപ്പെട്ടു. ഉദ്ധരണിയുടെ നിയമസാധുത്വം സാക്ഷ്യപ്പെടുത്തേണ്ട സെൻസറിംഗ് ഉദ്യോഗസ്ഥന് സംശയമായി. ഗീത വെട്ടിക്കളഞ്ഞു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ അന്വേഷിക്കുന്ന ഷാ കമ്മിഷനിൽ ഗോർവാല ഇക്കാര്യം പറഞ്ഞപ്പോൾ ജസ്റ്റിസ് ഷാ ചോദിച്ചു: 'ഭരണഘടന ഉദ്ധരിക്കുമ്പോഴും ഈ അനുഭവമുണ്ടായോ?'
കഥയും സുവിശേഷവും ഭരണഘടനയുമെന്നല്ല എന്തും നിരോധിക്കപ്പെടാം, കാലവും കോലവും നോക്കി. ചോ രാമസ്വാമിയുടെ തുഗ്ലക് എന്ന പ്രസിദ്ധീകരണത്തിൽ ഒരിക്കൽ 'ഫെബ്രുവരി 29' എന്ന തിയതി പോലും നിരോധിക്കപ്പപ്പെടുകയുണ്ടായി. മൊറാർജി ദേശായിയുടെ പിറന്നാളാണ് ആ ദിവസം. ദേശായിക്ക് ആശംസ നേർന്നുകൊണ്ട് തുഗ്ലക് ആ തിയതി മാറ്റിയും മറിച്ചും എഴുതിയിട്ടു. ഓരോ രൂപത്തിലും സെൻസർ അതു വെട്ടിക്കളഞ്ഞു. അപകടം എവിടേയോ പതിയിരിക്കുന്നുവെന്നായിരുന്നു തമസ്‌ക്കരണത്തിന്റെ ചുമതല ഉണ്ടായിരുന്ന വിദ്വാന്റെ നിഗമനം. അങ്ങനെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ ധാരണയും കാലത്തിന്റെ ഭാരവുമനുസരിച്ച് എന്തും കുറച്ചിട നിരോധിക്കപ്പെടാവുന്നതേയുള്ളു.
ഏകാധിപത്യത്തിൽ ആരും ചിരിക്കാറില്ല എന്നു പറഞ്ഞ് നെഹ്രുവുമായി അടുപ്പമുണ്ടായിരുന്ന ശങ്കർ തന്റെ ഹാസ്യവാരിക നിർത്തിക്കളഞ്ഞു. സർവാധിപത്യത്തോടുള്ള നിരായുധ പ്രതിഷേധമായിരുന്നു ആ നടപടി. ഒന്നുകിൽ വരച്ച വരയിൽ എഴുതുക, അല്ലെങ്കിൽ നിരോധിക്കപ്പെടുക: അതേ വഴി ഉണ്ടായിരുന്നുള്ളു. കനാൻ ബനാന എന്ന ഒരു ആഫ്രിക്കൻ ഏകാധിപതി തന്റെ പേരു പോലും നിരോധിച്ചുകളഞ്ഞു. ബനാന എന്ന പദം കണ്ടമാനം ഉപയോഗിക്കപ്പെടുകയും ചിരിക്കാൻ ഇട വരുത്തുകയും ചെയ്യുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തിന് സംശയമുണ്ടായില്ല, തന്റെ പേരുപോലും ഉച്ചരിക്കപ്പെടാതാക്കാം.
തിരഞ്ഞെടുപ്പ് നേരായി നടത്തണമെന്നുറച്ച ടി.എൻ. ശേഷൻ ദേശീയതലത്തിൽ മാതൃകാ പുരുഷനായിരുന്ന കാലം. അദ്ദേഹത്തിന്റെ ലക്ഷ്യവും ശൈലിയും അനുഭവവും അടയാളപ്പെടുത്തുന്ന ഒരു പുസ്തകം ഞാൻ എഴുതിപ്പിടിപ്പിച്ചു. അറുപതുകളുടെ ഒടുവിൽ തമിഴകത്ത് പൊട്ടിപ്പുറപ്പെട്ട ഭാഷാരോഷം സി.ഐ.എ എന്ന അമേരിക്കൻ ചാരസംഘടനയുടെ സ്വാധീനത്തിൽ പെട്ട ദ്രാവിഡനേതാക്കൾ ഉണ്ടാക്കിയതാകാമെന്നായിരുന്നു ശേഷന്റെ അനുമാനം. ആ രോഷപർവത്തിൽ മധുരയിൽ കലക്ടർ ആയിരുന്നു ശേഷൻ. പക്ഷേ ആ അനുമാനത്തെപ്പറ്റിയുള്ള പരാമർശത്തിൽ പിടിച്ചു കയറി ദ്രാവിഡനേതൃത്വം. ആറു വ്യത്യസ്ത ഹരജികളിൽ എന്റെ പുസ്തകം നിരോധിക്കപ്പെട്ടു. കേസ് സുപ്രീം കോടതി വരെ എത്തി. കേമന്മാരായ വക്കീൽമാർ വാദിക്കാനിറങ്ങി. ഒടുവിൽ ഞാൻ പ്രസാധകനോടു പറഞ്ഞു: പുസ്തകം പോകണമെങ്കിൽ എതിർക്കപ്പെടുന്ന ഭാഗം പരിഷ്‌ക്കരിക്കേണ്ടി വരും. അല്ലെങ്കിൽ കൽപാന്തകാലത്തോളം കാത്തിരിക്കാം.
മീശ എന്ന തന്റെ നോവൽ പിൻവലിച്ചതിനെച്ചൊല്ലി എഴുത്തുകാരനെ പഴിക്കുന്നവരുണ്ട്. ആരുടെയൊക്കെയോ വികാരം മുറിപ്പെടുത്തുന്ന ഭാഗം ഉൾക്കൊള്ളിച്ചതിനെ എതിർക്കുന്നവരുണ്ട്. സർക്കാർ നോവലിറക്കാൻ മുന്നോട്ടു വരാത്തതിൽ അമർഷമുള്ളവരുമുണ്ട്. സർക്കാരിനു ചെയ്യാവുന്നതിന്റെ പരിധി മനസ്സിലാക്കണം. പ്രസാധനത്തിലെ വാണിജ്യ സാധ്യതകളും പരിമിതികളും മനസ്സിലാക്കണം. അല്ലെങ്കിൽ 'നിരോധിക്കപ്പെട്ട പുസ്തകങ്ങൾ' എന്ന വിഭാഗത്തിൽ ഇടം പിടിക്കാവുന്ന ഒരു കൃതിയെ നെഞ്ചേറ്റി നടക്കാം. അങ്ങനെയൊരു വിഭാഗം വിർജീനിയയിലെ ഹെന്രൈക്കോ കൗണ്ടി ലൈബ്രറിയിൽ കണ്ടതോർക്കുന്നു. നമ്മുടെ നാട്ടിൽ അതിനു പറ്റിയ ഒരു അലമാര ഇനിയും പണിതിട്ടില്ല.