ജിദ്ദ- കഴിഞ്ഞ ദിവസമാണ് യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സചറുമായി വന്ന ലോറി അപകടത്തിൽപ്പെട്ട് കൊണ്ടോട്ടി സ്വദേശി വേണു തൽക്ഷണം മരിച്ചത്. നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വേണുവിനെ പറ്റി നല്ലതല്ലാത്ത ഒന്നും പറയാനില്ല. ചിരിച്ചുമാത്രം സംസാരിക്കുകയും സ്‌നേഹിച്ചുമാത്രം തോളിൽ കയ്യിടുകയും ചെയ്യുന്ന വേണുവിന്റെ വേർപാട് പ്രവാസ ലോകത്തും ഏറെ ദുഖം നിറഞ്ഞ വാർത്തയായിരുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നീറാട് സ്വദേശിയാണ് വേണു. യാമ്പുവിൽനിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെ ജിദ്ദയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.
വേണുവിനെ വർഷങ്ങൾക്ക് മുമ്പ് സൗദിയിലേക്ക് ജോലിക്ക് കൊണ്ടുവന്ന അഹമ്മദ് ബഷീർ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ട വേണു. സ്‌നേഹവും കഠിനാദ്ധ്വാനവും രക്തത്തിൽ ലയിച്ചുചേർന്ന ആത്മസുഹൃത്ത്. ഒരു കുടുംബംപോലെ കഴിഞ്ഞ അയൽക്കാരായിരുന്നു ഞങ്ങൾ. കഷ്ടപ്പാടുകളിൽനിന്ന് കരകയറാൻ ഒരു വിസ സംഘടിപ്പിച്ചുതരണമെന്ന് ഞാൻ സൗദിയിൽ ജോലി ചെയ്തകാലത്ത് വേണു ആവശ്യപ്പെട്ടിരുന്നു. 2006 ൽ മെക്കാനിക്, ഡ്രൈവർ ജോലികൾക്ക് തൊഴിലവസരങ്ങൾ വന്നപ്പോൾ വേണുവിനെയും കൂടെകൂട്ടി. കുടുംബത്തെ ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന അപൂർവ്വതയായിരുന്നു അവൻ. അച്ഛനും അമ്മയും വേണുവിന്റെ വാക്കുകളിൽ ഏതുകാലത്തും നിറഞ്ഞുനിന്നു. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി സൗദിയിൽ കഠിനമായി അദ്ധ്വാനിച്ചു. മോശം ശീലങ്ങൾ ഒന്നുമില്ലാത്ത, എല്ലാവരോടും എപ്പോഴും ചിരിച്ച് സംസാരിക്കുന്ന, എല്ലാവരെയും സ്‌നേഹിക്കുന്ന പ്രിയപ്പെട്ടവൻ.
പ്രിയപ്പെട്ട വേണു, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് സൗദിയിൽനിന്ന് ഒരു വാട്‌സാപ്പ് മെസേജായി കഴിഞ്ഞരാത്രി ആ വാർത്തയെത്തിയത്. വിശ്വസിക്കാൻ ഏറെ സമയമെടുത്തു. അടുപ്പമുള്ളവരോട് വിവരം പറയാനും വളരെ പ്രയാസപ്പെട്ടു. അന്ന്, നിന്നെ അവിടെ എത്തിക്കാൻ ശ്രമിച്ചതിനേക്കാൾ ഇന്ന് നിന്നെ ഇവിടേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്. വാക്കുകൾക്കതീതമാണ് ഉള്ളിലുള്ള നീറ്റൽ. നാലുവർഷമായി നാട്ടിലുള്ള ഞാൻ പഴയ കമ്പനിയുമായി, സുഹൃത്തുക്കളുമായി, വീണ്ടും ബന്ധപ്പെട്ടു. Saudi Readymix Concrete Companyയിൽ ട്രാൻസ്‌പോർട്ടേഷൻ സെക്ഷനിൽ, ഞാൻ ജോലി ചെയ്ത കാലത്തെ അതേ മാനേജർ തന്നെയാണ് ഇപ്പോഴുമുണ്ടായിരുന്നത് എന്നത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കി. മികച്ച വർക്കറായിരുന്നു വേണു എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരംപോലും തുടങ്ങിയത്. വേണ്ടതെല്ലാം വേഗത്തിൽ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുമുണ്ട്. എങ്കിലും നടപടിക്രമങ്ങൾക്ക് ആവശ്യമായ സമയം എടുക്കുന്നുണ്ടാവും. വേണുവിനോട് അവർക്കുള്ള സ്‌നേഹം ഇന്നലെയും എനിക്ക് ബോധ്യപ്പെട്ടു. കാര്യങ്ങൾ വേഗത്തിലാവുമെന്നാണ് പ്രതീക്ഷ. ഈ വേദന താങ്ങാൻ കുടുംബത്തിന് കരുത്തുണ്ടാവട്ടെ. പ്രാർത്ഥനകൾ.