അല്‍ഐന്‍- വ്യാജ തൊഴില്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്റ് അല്‍ഐനിലെത്തിച്ച ഏഴു മലയാളികളടക്കം ഒമ്പത് യുവാക്കളില്‍ നാലു പേര്‍ തിരിച്ചു പോകാനൊരുങ്ങുന്നു. വെഞ്ഞാറമൂട് സ്വദേശികളായ ബിജോണ്‍, സാബു, സുമേഷ്, അജി, സിജോ, കൊല്ലം സ്വദേശികളായ സുനില്‍, മുബാറക് എന്നിവര്‍ക്ക് പുറമെ രണ്ടു തമിഴ്‌നാട് സ്വദേശികളും റിക്രൂട്ടിങ് ഏജന്റിന്റെ ചതിയില്‍പെട്ട് അല്‍ഐനില്‍ കുടുങ്ങിക്കിടക്കുകയാണ്. ത്രീ സ്റ്റാര്‍ ഹോട്ടലില്‍ ലോഡിങ്അണ്‍ലോഡിങ്, ക്ലീനിങ് ജോലിയായിരുന്നു വാഗ്ദാനം. ലഭിച്ചതാകട്ടെ ചെറിയൊരു കഫ്ത്തീരിയയില്‍ ശമ്പളമില്ലാത്ത ജോലിയും.
ഈ മാസം 24ന് ദുബായ് വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ തമിഴ്‌നാട്ടുകാരനായ ഒരാളെ പോലീസ് പിടികൂടി. മണിക്കൂറുകള്‍ക്ക് ശേഷം അല്‍ഐനില്‍ നിന്ന് ഒരാളെത്തി കൂട്ടത്തിലെ നാലു പേരെ കൊണ്ടുപോയി. ശേഷിച്ച നാലു പേര്‍ ഒരു ദിവസം മുഴുവന്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗില്‍ കാത്തിരുന്നു. ഒടുവില്‍ എയര്‍പോര്‍ട്ടിലെ ടാക്‌സിക്കാരന്റെ സഹായത്തോടെ ഏജന്റിനെ വിളിച്ചറിയിച്ചപ്പോള്‍ മറ്റൊരാളുടെ നമ്പറില്‍ ബന്ധപ്പെടാനായിരുന്നു നിര്‍ദേശം. പ്രസ്തുത വ്യക്തി ഫോണെടുക്കാത്തതിനാല്‍ ഏജന്റ് തന്ന മറ്റൊരു നമ്പറില്‍ വിളിച്ചു. ടാക്‌സിയെടുത്ത് അല്‍ഐനിലേക്ക് എത്താനായിരുന്നു പറഞ്ഞത്. അതനുസരിച്ച് പുറപ്പെട്ട തങ്ങളുടെ ടാക്‌സി എയര്‍പോര്‍ട്ട് റോഡിലെ ചെറിയൊരു കഫ്ത്തീരിയക്ക് മുന്നിലാണ് കൊണ്ടെത്തിച്ചത്.
ഇരിക്കാനും നില്‍ക്കാനും സ്ഥലമില്ലാത്ത ഈ കഫ്ത്തീരിയയിലാണ് ജോലി എന്നറിഞ്ഞതോടെ പ്രതീക്ഷയുടെ മനക്കോട്ട തകര്‍ന്നു വീണു. ഇടുങ്ങിയ മുറിയില്‍ താമസിക്കാനും സ്ഥലമില്ല. ഒരു രാത്രി മുഴുവന്‍ കടക്ക് വെളിയില്‍ കഴിച്ചുകൂട്ടി. രാവിലെയായപ്പോള്‍ ആദ്യം കൊണ്ടുപോയ നാലു പേരും തിരിച്ച് ഇതേ കഫ്ത്തീരിയയിലെത്തി. അങ്ങനെ എട്ടു പേരും ഒരിടത്തായി. ഒരാള്‍ക്കു പോലും അധികം ജോലി കൊടുക്കാനില്ലാത്ത കഫ്ത്തീരിയയിലാണ് എട്ടു പേര്‍ പുതുതായി എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാരില്‍ നിന്ന് അറിഞ്ഞതോടെ മലയാളികളായ ഏഴുപേരും തിരിച്ചു പോന്നു. തമിഴ്‌നാട്ടുകാരന്‍ അവിടെ തന്നെ തുടരുകയാണ്. ദിക്കറിയാത്ത മരുഭൂമിയിലൂടെ പത്തു കിലോമീറ്ററോളം നടന്നും ഇരുന്നും കിടന്നും നേരം വെളുപ്പിച്ചു. വെളിച്ചം വെച്ചപ്പോള്‍ എഴുന്നേറ്റ് നടന്നു. കൂറേ ദൂരെ കണ്ട ഒരു ഈന്തപ്പന തോട്ടം ലക്ഷ്യമാക്കി നടന്നു. അവിടെ കണ്ട തമിഴ്‌നാട്ടുകാരനായ ജീവനക്കാരന്‍ വെള്ളവും ഈന്തപ്പഴവും തന്നു. അവിടെ നിന്നാണ് ചതിക്കപ്പെട്ട വിവരം നാട്ടിലേക്ക് വിളിച്ച് അറിയിച്ചത്.
നാട്ടിലെ ബന്ധുക്കള്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററിനെ വിവരം അറിയിച്ചതോടെ ഭാരവാഹികളെത്തി ഐഎസ്.സിയിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു. ആറു ദിവസത്തിന് ശേഷം വിശപ്പടങ്ങി ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും അന്നാണെന്ന് വെഞ്ഞാറമൂട് സ്വദേശി ബിജോണ്‍ പറഞ്ഞു. ഐ.എസ്.സി ഏര്‍പ്പാടാക്കിയ താമസ സ്ഥലത്താണ് ഇപ്പോള്‍ കഴിയുന്നത്. നാട്ടില്‍ ഓട്ടോയോടിച്ചും കൂലിപ്പണി ചെയ്തും പെയിന്റ് പണിയെടുത്തും ജീവിച്ചിരുന്ന തങ്ങള്‍ പലരില്‍നിന്നും കടം വാങ്ങിയും ഓട്ടോ വിറ്റുമാണ് വിസക്കായി 80,000 രൂപ നല്‍കിയതെന്ന് ബിജോണ്‍ പറഞ്ഞു. ആദ്യാനുഭവം ദുരനുഭവമായതിനാല്‍ ഇവിടെ തുടരാന്‍ താല്‍പര്യമില്ല പലര്‍ക്കും. ബിജോണ്‍, സാബു, അജി, സിജോ എന്നിവര്‍ തിരിച്ചു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സുനില്‍, മുബാറക്, സുമേഷ് എന്നിവര്‍ മറ്റു ജോലി കണ്ടെത്തി വിസ മാറ്റാനൊരുങ്ങുന്നു.
നാട്ടിലെ ബന്ധുക്കള്‍ ഏജന്റുമായി ബന്ധപ്പെട്ടപ്പോള്‍ ടിക്കറ്റ് തുക കഴിച്ചുള്ള പണം തിരികെ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടത്രെ. ചിലരുടെ ബന്ധുക്കള്‍ക്ക് അവരുടെ നിര്‍ബന്ധപ്രകാരം ചെക്ക് നല്‍കിയതായും പറയുന്നു. എന്നാല്‍ ഇതില്‍ വിശ്വാസം പോരെന്നും ചതിച്ച ഏജന്റിനെതിരെ നോര്‍ക്കയും സംസ്ഥാന സര്‍ക്കാരും നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വഞ്ചിക്കപ്പെട്ട് അല്‍ഐനിലെത്തിയ മലയാളികള്‍ക്ക് താമസവും ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ശശി സ്റ്റീഫന്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ യോഗ്യതക്ക് അനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള ശ്രമമാണ് ഐ.എസ്.സി നടത്തുന്നത്. താല്‍പര്യമില്ലാത്തവരെ തിരിച്ചയക്കുന്നതിനുള്ള ഏര്‍പ്പാട് ചെയ്യും. തിരിച്ചു പോകുന്നവര്‍ക്ക് എംബസിയുടെ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും ശശി സ്റ്റീഫന്‍ അറിയിച്ചു.