കൊച്ചി-സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോര മേഖലയില്‍ മഴ ശക്തമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടില്ല. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയുടെയും തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നതും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.