തൊടുപുഴ- ഇടുക്കി ഡാമില്‍ നിന്നും വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പായ ഗ്രീന്‍ അലെര്‍ട്ടിനു പിന്നാലെ വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തി റെവന്യു അധികൃതര്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ സജീവമാക്കി. പെരിയാര്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരത്തെ ജനവാസ കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാറിന്റെ ഇരുകരകളിലുമുള്ള അലൂവ താലൂക്കിലെ 18 വില്ലേജുകളിലാണ് വെള്ളപ്പൊക്ക കെടുതികള്‍ രൂക്ഷമാകാന്‍ സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടുത്തെ എല്ലാ വില്ലേജുകളിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിക്കാനുള്ള ഇടങ്ങളും കെട്ടിടങ്ങളും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അന്തിമ മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇവിടുത്തെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഉച്ചഭാഷിണിയിലൂടെ അറിയിപ്പു നല്‍കും. ഇതിനുള്ള സംവിധാനങ്ങള്‍ പോലീസും ഫയര്‍ ഫോഴ്‌സും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള കൂടുതല്‍ വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.