കോട്ടയം - കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതു മുന്നണി പ്രവേശനത്തോടെ യു.ഡി.എഫ് അക്കൗണ്ടില്‍നിന്നു പോയ കോട്ടയം പാര്‍ലമെന്റ് സീറ്റ് തിരിച്ചുപിടിക്കാനും നിലനിര്‍ത്താനുമുളള തന്ത്രങ്ങളിലേക്ക് ഇരുമുന്നണികളും. ഇടതുമുന്നണിയിലെ സുരേഷ് കുറുപ്പ് കുത്തകയാക്കിയ മണ്ഡലം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയാണ് 2009 ല്‍ യു.ഡി.എഫിന് തിരികെ നല്‍കിയത്. തുടര്‍ന്നുളള തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തുകയും ചെയ്തു. കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടനാണ് സിറ്റിംഗ് എം.പി. 2019 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ചാഴികാടന്‍ രണ്ടാം അങ്കത്തിന് ഒരുങ്ങുകയാണ്.
ചാഴികാടനെ നേരിട്ട് മണ്ഡലം തിരിച്ചു പിടിക്കാനാണ് യു.ഡി.എഫ് കരുനീക്കം. ഇതിനു മുന്നോടിയായി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുളള പ്രാഥമിക ചര്‍ച്ചകള്‍ യു.ഡി.എഫ് ക്യാമ്പില്‍ തുടക്കമിട്ടുകഴിഞ്ഞു. ഇടതുമുന്നണിയിലാകട്ടെ കീഴ്‌വഴക്കം അനുസരിച്ച് കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ സീറ്റ് ലഭിക്കാനാണ് സാധ്യത. ഇതു മുന്നില്‍ കണ്ട് ഔദ്യോഗിക തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് എം 24 ന് ചേരുന്ന ഹൈപവര്‍ കമ്മറ്റിയില്‍ ആരംഭിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. എം.പി ഫണ്ട് വിനിയോഗത്തില്‍ ഒന്നാമന്‍ എന്ന പ്രചാരണത്തിലൂടെ ചാഴികാടന്‍ തന്റെ സ്ഥാനാര്‍ഥിത്വം ആദ്യം തന്നെ ഉറപ്പിച്ചിരിക്കുകയാണ്. എങ്കിലും ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ മനസുപോലെയായിരിക്കും തീരുമാനം.
ഹൈദരാബാദില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനിടെ കേരള നേതാക്കള്‍ ഇവിടുത്തെ അന്തരീഷം വിലയിരുത്തിയിരുന്നു. 20 സീറ്റിലും വിജയം കൈവരിക്കാനുളള നീക്കങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കഴിഞ്ഞ തവണ ആലപ്പുഴ ഒഴികെ 19 സീറ്റിലും ജയിച്ചുവെങ്കിലും കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതോടെ അത് അക്കൗണ്ടില്‍ വീണ്ടും ഒന്നു കുറഞ്ഞു 18 ആയി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ മിന്നുന്ന വിജയം പാര്‍ലമെന്റിലേക്കുളള യു.ഡി.എഫ് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇതോടെ കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ ഏറെ പേര്‍ മുന്നോട്ടു വന്നുകഴിഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കുമോ അതോ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കുമോ എന്നാണ് അറിയാനുളളത്. ജോസഫ് വിഭാഗം രണ്ടു സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെങ്കിലും കോട്ടയം, പത്തനംതിട്ട, ഇടുക്കി സീറ്റുകളില്‍ ഒന്നില്‍ തളക്കാമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് തന്നെ മത്സരിക്കാനാണ് സാധ്യത. ഡീനെ കോട്ടയത്തേക്ക് മാറ്റി പകരം ഇടുക്കി കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കുന്ന കാര്യവും പാര്‍ട്ടിയില്‍ ആലോചനയിലുണ്ട്. പത്തനംതിട്ടയില്‍ ഹാട്രിക് തികച്ച ആന്റോ ആന്റണിക്ക് തുടര്‍ച്ചയായി നാലാം അങ്കത്തിന് അവസരം നല്‍കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായമുണ്ട്.
കോട്ടയം സീറ്റില്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുമെന്ന് ഏറെ നാളായി കേട്ടിരുന്നു. തന്റെ പേര് പ്രചരിച്ചിരുന്നതായി ചാണ്ടി ഉമ്മനും അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹുഭൂരിപക്ഷത്തിന്റെയും പക്ഷം. മുന്‍മന്ത്രി കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരാണ് കോട്ടയം സീറ്റില്‍ പരിഗണിക്കാനിടയുളള നേതാക്കള്‍.
കോണ്‍ഗ്രസിന്റെ ചാനല്‍ ചര്‍ച്ചകളിലെ ഹീറോ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പത്തനംതിട്ടയില്‍ പരിഗണിക്കുന്നതായി സൂചനയുണ്ട്. ചാണ്ടി ഉമ്മനെ പോലെ തന്നെ രാഹുല്‍ ബ്രിഗേഡിലെ അംഗമായ രാഹുലിന് ലോക്‌സഭാ സീറ്റ് നല്‍കുമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. നാട്ടുകാരനായ രാഹുലിനെ പത്തനംതിട്ടയില്‍ ഉറപ്പിച്ചാല്‍ കോട്ടയം ജില്ലക്കാരനായ ആന്റോക്ക് കോട്ടയത്ത് ഒരവസരംകൂടി നല്‍കിയേക്കും.
ഇത്തരത്തിലുളള അഭ്യൂഹങ്ങള്‍ക്കിടയിലും ജോസഫ് വിഭാഗത്തിന് കോട്ടയം ലഭിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പ്രചരിക്കുന്ന പേരുകള്‍ പി.സി തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ, ഫ്രാന്‍സിസ് ജോര്‍ജ്, സജി മഞ്ഞക്കടമ്പില്‍ എന്നിവരുടേതാണ്. പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫോ മകന്‍ അപ്പു ജോണ്‍ ജോസഫോ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് പാര്‍ട്ടിയില്‍ അധികവും. ഐ.ടി പ്രൊഫഷണല്‍ സംഘടനയിലൂടെ പാര്‍ട്ടിയിലെത്തിയ അപ്പു ഹൈപവര്‍ കമ്മിറ്റിയിലെത്തി നേതൃനിരയില്‍ പിടിമുറുക്കിയിരിക്കുകയാണ്. പി.സി തോമസ് മുന്‍ എം.പിയും കേന്ദ്രമന്ത്രിയുമാണ്. അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ മത്സര സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. സജി മഞ്ഞക്കടമ്പില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാനാണ്.