Sorry, you need to enable JavaScript to visit this website.

പ്രശ്‌നം പിണറായിയുടെ മൂന്നാമൂഴം; 'ഇന്ത്യ'യിലേക്ക് അടുക്കാൻ സി.പി.എമ്മിന് തടസ്സമായത് കേരള നേതാക്കളുടെ നിലപാട്  

ന്യൂഡൽഹി - എൻ.ഡി.എക്കെതിരേയുള്ള പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാവേണ്ടെന്ന സി.പി.എം പൊളിറ്റ് ബ്യൂറോയുടെ തീരുമാനത്തിന് പിന്നിൽ കേരള ലോബിയെന്ന് വിമർശം. 
 കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഉൾപ്പെടുന്ന ഏകോപന സമിതിയിൽ സി.പി.എം പ്രതിനിധി അംഗമാകുന്നതിനെ കേരളത്തിൽനിന്നുള്ള അംഗങ്ങൾ എതിർക്കുകയായിരുന്നു. ഒപ്പം കോൺഗ്രസുമായി ചേർന്നുള്ള 'ഇന്ത്യ' മുന്നണിയുടെ തുടർ പ്രവർത്തനങ്ങൾ കേരളത്തിലെ വിജയ സാധ്യതയെ ബാധിക്കുമെന്നും വിമർശമുണ്ടായി.
 എന്നാൽ, ഈ നിലപാടിനോട് പാർട്ടി ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്ക് ശക്തമായ വിയോജിപ്പുണ്ടെങ്കിലും പി.ബിയിൽ കേരള നിലപാടിനായിരുന്നു മുൻതൂക്കമെന്നാണ് വിവരം. ഏകോപനസമിതിയിലേക്ക് പാർട്ടി പ്രതിനിധിയെ നൽകില്ലെങ്കിലും നരേന്ദ്ര മോഡിയെ താഴെയിറക്കാനുള്ള ഇന്ത്യ മുന്നണിയുടെ നീക്കങ്ങളുമായി സഹകരിക്കുമെന്നും പി.ബി വ്യക്തമാക്കുന്നു.
 രണ്ടുദിവസമായി രാജ്യതലസ്ഥാനത്ത് നടന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗമാണ് ഇന്ത്യ സഖ്യവുമായി ബന്ധപ്പെട്ട കാര്യത്തിൽ നിർണായക തീരുമാനമെടുത്തത്. ഒക്ടോബർ 27 മുതൽ 29 വരെ ചേരുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യം അടക്കമുള്ളവ വിശദമായി ചർച്ചയ്ക്ക് വിധേയമാക്കും. 
 എന്തു ന്യായീകരണം പറഞ്ഞാലും ഇന്ത്യ മുന്നണിയുടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള, നിർണായകമായ ചുവടിൽ സി.പി.എമ്മിന്റെ മനംമാറ്റം മതനിരപേക്ഷ ചേരിയിൽ വലിയ നിരാശയാണുളവാക്കുക. സഖ്യനീക്കത്തിന് വലിയ ക്ഷീണമുണ്ടാകില്ലെങ്കിലും സി.പി.എം പോലൊരു പാർട്ടിയിൽനിന്ന് ഇത്തരമൊരു അപക്വമായ സമീപനം പ്രതീക്ഷിച്ചില്ലെന്നും ഇത് തെറ്റായ സന്ദേശമാണ് പകരുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന വലിയൊരു വിഭാഗം വോട്ടർമാരിൽ അടക്കം സി.പി.എമ്മിന് കൂടുതൽ പരുക്കുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Latest News