Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൂപയുടെ വിലക്ക് ഇഖാമ സേവനങ്ങളെ ബാധിക്കില്ല

റിയാദ് - സൗദിയിൽ ബൂപ ഇൻഷുറൻസ് കാർഡിനുള്ള വിലക്ക് ഇഖാമ പുതുക്കുന്നതടക്കമുള്ള സേവനങ്ങളെ ബാധിക്കില്ല. നിലവിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ബൂപ ഇൻഷുറൻസിന്റെ സേവനം തുടരുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഇൻഷുറൻസ് ഉപയോക്താക്കളെ ബൂപ കമ്പനി സർക്കുലർ മുഖേന അറിയിച്ചു.  ബൂപയുമായുള്ള ഇൻഷുറൻസ് കരാർ റദ്ദാക്കിയത് കാരണം സ്വകാര്യസ്ഥാപനങ്ങളിലെ ബൂപ ഉപയോക്താക്കൾക്ക് ഇഖാമ പുതുക്കൽ തടസ്സപ്പെടുമെന്ന് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്. ഈ സഹചര്യത്തിലാണ് കമ്പനി വിശദീകരണം നൽകിയത്. നിലവിൽ ബൂപയുമായി ഇൻഷുറൻസ് പോളിസി കരാർ ഒപ്പുവെച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇഖാമ സിസിഎച്ച്‌ഐയുമായി ബന്ധിപ്പിക്കുന്നതിന് ബുപ കമ്പനിക്ക് തടസ്സമൊന്നും നേരിടില്ല. സിസിഎച്ച്‌ഐയുമായി ലിങ്ക് ചെയ്യുന്നതോടെ ഇഖാമ എടുക്കുന്നതിനും പുതുക്കുന്നതിനും തടസ്സവുമുണ്ടാവില്ല. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇൻഷുറൻസ് പോളിസി പ്രകാരമുള്ള സേവനങ്ങൾ തുടർന്നും നൽകുമെന്നും അതിൽ തടസ്സം നേരിടില്ലെന്നും അറിയിച്ച് ബൂപയുമായി ഇൻഷുറൻസ് പോളിസി ഒപ്പുവെച്ച കമ്പനികൾക്ക് പ്രൊവൈഡർ റിലേഷൻസ് ഡയറക്ടർ മുഹമ്മദ് അൽസഈദ് ആണ് സർക്കുലർ അയച്ചത്. ആരോഗ്യമന്ത്രാലയം ഇൻഷുറൻസ് കരാർ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബുപയുടെ പുതിയ സർക്കുലർ.

സ്വകാര്യ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും പുറമെ യൂണിവേഴ്‌സിറ്റി ആശുപത്രികൾ, നാഷണൽ ഗാർഡ് ആശുപത്രികൾ എന്നിവയിലും ബുപയുടെ സേവനങ്ങൾ കരാർ പ്രകാരം തുടരും. എന്നാൽ വാർത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച പോലെ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളിലും മെഡിക്കൽ സിറ്റികളിലും നിലവിൽ ബൂപയുടെ കാർഡുപയോഗിച്ച് ചികിത്സയും ആരോഗ്യ സേവനങ്ങളും ലഭിക്കില്ല. രണ്ടാഴ്ച മുമ്പാണ് ആരോഗ്യമന്ത്രാലയം ബൂപ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കിയത്. ഇൻഷുറൻസ് പരിരക്ഷയുള്ള നിരവധി പേരുടെ ചികിത്സക്കുള്ള അനുമതി നൽകുന്നതിന് കമ്പനി വിസമ്മതിച്ചതും ചികിത്സ നൽകിയ വകയിലുള്ള കുടിശ്ശിക മാസങ്ങളായി നൽകാത്തതുമാണ് കമ്പനിയുമായുള്ള കരാർ റദ്ദാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.

ആശുപത്രികളിൽ കിടത്തി ചികിത്സിക്കുന്ന രോഗികളുടെ ചികിത്സ തുടരുന്നതിന് അപ്രൂവൽ നൽകാത്തതും അപ്രൂവൽ നിരസിക്കുന്ന കേസുകളുടെ അനുപാതം ഉയർന്നതും ക്ലെയിം അനുസരിച്ച വിഹിതത്തിൽനിന്ന് കട്ട് ചെയ്യുന്ന തുകയുടെ അനുപാതം വർധിച്ചതും ബൂപയുമായുള്ള കരാർ അവസാനിപ്പിച്ചതിനുള്ള കാരണമായി മന്ത്രാലയം അറിയിച്ചിരുന്നു. കമ്പനിയുടെ ഭാഗത്തുള്ള ഈ വീഴ്ചകളെ കുറിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസി (സിസിഎച്ച്‌ഐ) നെയും അറിയിച്ചതാണ്. ബൂപ ഇൻഷുറൻസ് കമ്പനി പരിരക്ഷയുള്ളവർക്ക് ചികിത്സ നൽകിയ വകയിൽ കമ്പനിയിൽനിന്ന് കിട്ടാനുള്ള മുഴുവൻ കുടിശ്ശികയും ഈടാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രികളിലും മെഡിക്കൽ സിറ്റികളിലും ചികിത്സ സൗകര്യങ്ങൾ ബൂപ ഇൻഷുറൻസ് ഉപയോക്താക്കൾക്ക് ലഭ്യമാകില്ല.

Latest News