കോഴിക്കോട് - സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്രൂപ്പ് വഴക്ക് മൂര്‍ഛിച്ചതിനെ തുടര്‍ന്ന് എം.എസ്.എഫ് നേതാക്കള്‍ക്ക് മേല്‍ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ വാട്‌സാപ് ഗ്രൂപ്പില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയരായവരെയാണ് താക്കീത് നല്‍കി പഴയ സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അിറയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ അവമതിക്കാനും നേതാക്കളെ അവഹേളിക്കാനുമുള്ള പാര്‍ട്ടി വിരുദ്ധരുടെ ശ്രമങ്ങളെ യഥാസമയം നേരിടാനോ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്താനോ തയാറാകാതെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് എം.എസ്.എഫിന്റെ ചില ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. വിശദമായി അന്വേഷണം നടത്താന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു.
ആരോപണം ശരിവെക്കുന്നതായിരുന്നു നിരീക്ഷകരുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരെ വിളിച്ചു വരുത്തി ശാസിച്ചു. മാപ്പപേക്ഷ സ്വീകരിച്ച് മുമ്പുണ്ടായിരുന്ന സ്ഥാനങ്ങളില്‍ തുടരാന്‍ അനുവദിച്ചതായി സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി ഓഫീസില്‍ നിന്നറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എം.എസ്.എഫ് ചുമതലയുള്ള സെക്രട്ടറിമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി. പാറക്കല്‍ അബ്ദുല്ല എന്നിവര്‍ എം.എസ്.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, തളിപ്പറമ്പ് മണ്ഡലം അബ്ദുല്‍ ബാസിത് മാണിയൂര്‍ എന്നിവരെ സംഘടനയില്‍നിന്ന് സസ്‌പെന്റ ചെയ്യുകയും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഒ.കെ. ജാസിര്‍ ചപ്പാരപ്പടവ്,, തളിപ്പറമ്പ് മണ്ഡലം ഇര്‍ഫാന്‍ എന്നിവരെ ചുമതലയില്‍നിന്ന് നീക്കുകയും ചെയ്തിരുന്നു.
പി.കെ. നവാസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ സംഘടനക്കകത്ത് തര്‍ക്കം ഉണ്ട്. ഹരിതയുമായി ബന്ധപ്പെട്ട തര്‍ക്കം ചേരിതിരിഞ്ഞ പോരായി മാറിയതാണ്. ഹരിത നേതാക്കള്‍ നവാസിനെതിരെ പോലീസിലും മറ്റും പരാതി നല്‍കുകയും പോലീസ് നവാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.