കൊച്ചി- പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് മോഷണശ്രമത്തിനിടെ കോളെജ് വിദ്യാര്‍ത്ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. പ്രതി പശ്ചിമ ബംഗാളിലെ മുര്‍ശിദാബാദ് സ്വദേശി ബിജുവിനെ പിടികൂടി. വാഴക്കുളം എം.ഇ.എസ് കോളെജ് വിദ്യാര്‍ത്ഥിനിയും അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകളുമായ നിമിഷ (19) ആണു മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. മാല പൊട്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ പ്രതി നിമിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച നിമിഷയുടെ ബന്ധുവിനും കത്തി കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.
അച്ഛനും അമ്മയും മുത്തശ്ശിയും മാത്രമാണ് നിമിഷയുടെ വീട്ടിലുള്ളത്. മാതാപിതാക്കള്‍ ജോലിക്ക് പോയ ശേഷം നിമിഷ കോളെജിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നിമിഷയുടെ വീടിനു സമീപമാണ് പ്രതി താമസിക്കുന്നത്. നിമിഷയുടേയോ മുത്തശ്ശിയുടേയോ മാല തട്ടിപ്പറിക്കാന്‍ പ്രതി ശ്രമിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
നിമിഷയുടെ നിലവിളി കേട്ടാണ് അയല്‍ വീട്ടിലെ ബന്ധുക്കള്‍ ഓടിയെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിമിഷ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി സമീപത്തെ മറ്റൊരു വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് നാട്ടുകാര്‍ ഇാളെ പിടികൂടിയത്. ഇയാളെ പിടികൂടുന്നതിനിടെയാണ് ബന്ധുവിന് കുത്തേറ്റത്.