Sorry, you need to enable JavaScript to visit this website.

റെയിന്‍ റെയിന്‍ ഗോ എവേ, ഫൈനല്‍ മാച്ച് വാണ്ട്‌സ് ടു പ്ലേ

ഇന്ത്യ x ശ്രീലങ്ക
ഇന്ന് ഉച്ച 12.30

കൊളംബൊ - ലോകകപ്പിന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ ഏഷ്യ പിടിക്കാന്‍ ഇന്ത്യയും ശ്രീലങ്കയും. ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാര്‍ കപ്പ് നിലനിര്‍ത്താന്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ പാഡ് കെട്ടുമ്പോള്‍ കിരീട മധുരം വീണ്ടെടുക്കാനാണ് ഇന്ത്യ ഇറങ്ങുക. 2018 ലെ ഏഷ്യാ കപ്പിനു ശേഷം ഒരു ടൂര്‍ണമെന്റിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഏഷ്യന്‍ ചാമ്പ്യന്മാരാവുന്നത് ലോകകപ്പിന്റെ ആതിഥേയരായ ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നല്‍കും. യോഗ്യതാ റൗണ്ടിലൂടെ ലോകകപ്പില്‍ ബെര്‍ത്ത് നേടേണ്ടി വന്ന ശ്രീലങ്കക്കാവട്ടെ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇത്. ഇതൊക്കെ സാധ്യമാവണമെങ്കില്‍ മഴ മാറി നില്‍ക്കണമെന്നു മാത്രം. ഇന്നും റിസര്‍വ് ദിനമായ നാളെയും മഴ പെയ്യുമെന്നാണ് പ്രവചനം. 
ഇന്ത്യ ഏഴു തവണ ഏഷ്യാ കപ്പ് നേടിയിട്ടുണ്ട്. ആറെണ്ണവുമായി ശ്രീലങ്ക തൊട്ടുപിന്നിലുണ്ട്. 
സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ തോല്‍പിച്ചുവെന്നതു കൊണ്ട് ഇന്ത്യ ആശ്വാസം കൊള്ളേണ്ടതില്ല. 2004 ലും 2008 ലും സൂപ്പര്‍ ഫോറില്‍ ഇന്ത്യയോട് തോറ്റ ശേഷം അതേ ടീമിനെ ഫൈനലില്‍ തോല്‍പിച്ച് ശ്രീലങ്ക ചാമ്പ്യന്മാരായിട്ടുണ്ട്. ഈ ടീമുകള്‍ തമ്മിലുള്ള സൂപ്പര്‍ ഫോര്‍ മത്സരം ആവേശകരമായിരുന്നു. വിജയത്തിനടുത്തെത്തിയിരുന്നു ശ്രീലങ്ക. സ്പിന്നര്‍മാരിലൂടെ ഇന്ത്യയെ 213 ന് അവര്‍ ഓളൗട്ടാക്കി. നാല് വിക്കറ്റെടുത്ത പാര്‍ട് ടൈമര്‍ ഉള്‍പ്പെടെ 10 വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു. ഇന്ത്യന്‍ പെയ്‌സാക്രമണത്തിന് മുന്നില്‍ മുന്‍നിര പതറിയില്ലെങ്കില്‍ ലക്ഷ്യം അവര്‍ മറികടന്നേനേ. ഫൈനലിന് ഉപയോഗിക്കുന്ന പിച്ചും സ്ലോ ആവാന്‍ സാധ്യതയുള്ളതിനാല്‍ അതേ ബൗളിംഗ് പ്ലാനായിരിക്കും ശ്രീലങ്ക പിന്തുടരുക. ബാറ്റിംഗ് മെച്ചപ്പെടുത്തുകയും വേണം. പാക്കിസ്ഥാനെതിരെ അവരുടെ ബാറ്റിംഗ് മെച്ചമായിരുന്നു, പക്ഷെ അത് ബാറ്റിംഗ് പിച്ചായിരുന്നു. പരിക്കേറ്റ മഹീഷ് തീക്ഷണയുടെ അഭാവം അവരുടെ ബൗളിംഗിനെ ബാധിക്കും. ഈ വര്‍ഷം ഏറ്റവുമധികം വിക്കറ്റെടുത്ത ബൗളര്‍മാര്‍ തീക്ഷണയും ഇന്ത്യയുടെ കുല്‍ദീപ് യാദവുമാണ് -31. തീക്ഷണക്കു പകരം ലെഗ്‌സ്പിന്നര്‍ ദുഷാന്‍ ഹേമന്ത കളിച്ചേക്കും. ഈ ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത മതീഷ പതിരണയും (11) ദുനിത് വെലലാഗെയും (10) ശ്രീലങ്കന്‍ നിരയിലാണ്. 
ബംഗ്ലാദേശിനോട് അവസാന മത്സരത്തില്‍ തോറ്റെങ്കിലും അത് ഒരു തരത്തിലും ഇന്ത്യയെ അലോസരപ്പെടുത്തില്ല. പ്രമുഖ കളിക്കാരെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. എല്ലാ മുന്‍നിര ബാറ്റര്‍മാരും ഒരു മികച്ച സ്‌കോറെങ്കിലും നേടിയിട്ടുണ്ട്. ബൗളര്‍മാര്‍ ഫോമിലാണ്. പരിക്കേറ്റ അക്ഷര്‍ പട്ടേല്‍ ഫൈനലില്‍ കളിക്കില്ല. പകരം ശാര്‍ദുല്‍ താക്കൂറോ വാഷിംഗ്ടണ്‍ സുന്ദറോ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നേടും. ശ്രീലങ്കന്‍ ടീമിലെ ഇടങ്കൈയന്മാരെ നേരിടാന്‍ വാഷിംഗ്ടണാണ് നല്ലത്. എന്നാല്‍ വെള്ളിയാഴ്ച മാത്രമാണ് ഓള്‍റൗണ്ടര്‍ ശ്രീലങ്കയിലെത്തിയത്. ശാര്‍ദുല്‍ തുടക്കം മുതലുണ്ട്. പല മത്സരങ്ങളിലും കാര്യമായി സംഭാവന നല്‍കി. ഇശാന്‍ കിഷനെ ഒഴിവാക്കി തിലക് വര്‍മയെ മൂന്നാം സ്പിന്നറായി ടീമിലുള്‍പെടുത്താനും സാധ്യതയുണ്ട്. 
ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് ടൂര്‍ണമെന്റില്‍ രണ്ടു തവണ തൊണ്ണൂറുകളില്‍ പുറത്തായി. മൂന്ന് അര്‍ധ ശതകങ്ങള്‍ നേടി. കലാശക്കളിയില്‍ അര്‍ഹിച്ച സെഞ്ചുറി നേടിയാല്‍ കുശാലായി.
 

Latest News