ലോകകപ്പില്‍ വീഴ്ച അഭിനയിച്ച് പരിഹാസപാത്രമായ ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മാറിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ താരത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രമുഖ കമ്പനി രംഗത്തിറങ്ങി. തന്റെ അഭിനയം ചിലപ്പോള്‍ കൂടിപ്പോവുന്നുണ്ടെന്ന കുറ്റസമ്മതം നടത്തുകയും അതിന്റെ പേരില്‍ സഹതാപം സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തിലാണ് വീഡിയൊ ഉള്ളത്. നന്നായി ഫൗള്‍ ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടാണ് വീഴുന്നത്. നിരാശയും കാരണമാണ്. എന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ കളി ചിലപ്പോള്‍ ലോകം വല്ലാതെ ആസ്വദിക്കാറുണ്ട്. ചിലപ്പോള്‍ അത് പിഴച്ചു പോകുന്നുമുണ്ട്. എങ്കിലും എന്റെ ഉള്ളിലെ കുട്ടിയെ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കും... ഇങ്ങനെ പോകുന്നു സ്‌പോണ്‍സര്‍മാര്‍ സൃഷ്ടിച്ച വീഡിയോയിലെ വാചകങ്ങള്‍.
നെയ്മാര്‍ വലിയ കളിക്കാരനെന്നതു പോലെ വലിയ പരസ്യ ബ്രാന്‍ഡ് കൂടിയാണ്. നെയ്മാര്‍ പരിഹാസപാത്രമാവുന്നത് ഉല്‍പന്നങ്ങളുടെ വില്‍പനയെയും ബാധിക്കും. അതിനാലാണ് പ്രതിഛായ മാറ്റിയെടുക്കാനുള്ള ഈ ആസൂത്രിത ശ്രമം. വിമര്‍ശനം അംഗീകരിക്കുന്നതായും ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിക്കുന്ന ഈ വിഡിയൊ ബ്രസീലിയന്‍ ടി.വി ശൃംഖലകളില്‍ വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ബെല്‍ജിയത്തിനെതിരായ പരാജയത്തിനു ശേഷം അഭിമുഖം നല്‍കാതിരുന്നതും വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. അതിനെയും പരസ്യത്തില്‍ ന്യായീകരിക്കുന്നുണ്ട്. 'ചിലപ്പോള്‍ അപമര്യാദയായി പെരുമാറുന്നതായി കാണുന്നവര്‍ക്ക് തോന്നും. അത് ഞാന്‍ വഷളായ പയ്യനായതു കൊണ്ടല്ല. തോല്‍വി സമ്മതിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല എന്നതു കൊണ്ടാണ്'.
തന്നോടൊപ്പം നില്‍ക്കണമെന്ന ശക്തമായ അഭ്യര്‍ഥനയോടെയാണ് പരസ്യം അവസാനിക്കുന്നത്: 'നിങ്ങളുടെ വിമര്‍ശനം അംഗീകരിക്കാന്‍ അല്‍പം സമയമെടുത്തു എന്നതു ശരി തന്നെ. എങ്കിലും കണ്ണാടിയില്‍ നോക്കി പുതിയ മനുഷ്യനാവാന്‍ ഞാന്‍ തീരുമാനിച്ചു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കല്ലെറിയാം. അല്ലെങ്കില്‍ കല്ല് വലിച്ചെറിഞ്ഞ് എന്നെ നില്‍ക്കാന്‍ സഹായിക്കാം. ഞാന്‍ നില്‍ക്കുമ്പോള്‍, ബ്രസീല്‍ മുഴുവനുമാണ് എന്നോടൊപ്പം നില്‍ക്കുന്നത്'.
സ്‌പോണ്‍സര്‍മാരുടെ ഇടപെടലില്ലാതെ നേരത്തെ തന്റെ വീഴ്ചകളെക്കുറിച്ച് നെയ്മാര്‍ സംസാരിച്ചിരുന്നു. അന്ന് വിമര്‍ശനങ്ങളെ പേടിക്കുന്നില്ലെന്ന ചെറുത്തുനില്‍പാണ് നടത്തിയത്. വിമര്‍ശകരെ പരിഹസിക്കുന്ന വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ നെയ്മാറിന് ഇമേജ് മെയ്‌ക്കോവര്‍ വേണമെന്നാണ് താരത്തെ കോടികള്‍ നല്‍കി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യവസായ ഗ്രൂപ്പ് തീരുമാനിച്ചത്.