Sorry, you need to enable JavaScript to visit this website.

റെഡ് അലര്‍ട്ടിന് ഇനി 2.42 അടി മാത്രം; വിമാനത്താവളത്തിനും മുന്നറിയിപ്പ്

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 2394.58 അടി ആയി ഉയര്‍ന്നു. സംഭരണി നിറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ഉച്ചയോടെ ഓറഞ്ച് അലര്‍ട്ട് നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്. ജലനിരപ്പ്
2397 അടിയിലെത്തിയാല്‍ 24 മണിക്കൂറിനകം തുറന്നുവിടാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. 2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കും. ഇതോടെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2403 അടിയാണ് സംഭരണിയുടെ പരമാവധിശേഷിയെങ്കിലും മുല്ലപ്പെരിയാര്‍കൂടി നിറഞ്ഞു നില്‍ക്കുന്നതിനാല്‍ നേരത്തേ തുറക്കാനാണ് തീരുമാനം. 2397 അടിയിലെത്തിയാല്‍ ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. ഇതിനുശേഷം നീരൊഴുക്ക് വിലയിരുത്തി കൂടുതല്‍ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കും. മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്ററാണ് ഉയര്‍ത്തുക. 34 അടി വീതിയും 40 അടി ഉയരവുമാണ് ഈ ഷട്ടറിനുള്ളത്. സെക്കന്‍ഡില്‍ 1750 ഘനയടി വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും.
ചെറുതോണി ടൗണ്‍ മുതല്‍ ആലുവവരെ പെരിയാറില്‍ 90 കിലോമീറ്ററിലാണ് വെള്ളമൊഴുകുക. ഷട്ടര്‍ തുറന്ന് ഒരു മണിക്കൂറിനകം 24 കിലോമീറ്റര്‍ അകലെ ലോവര്‍പെരിയാര്‍ അണക്കെട്ടില്‍ വെള്ളമെത്തും. കല്ലാര്‍കുട്ടി നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുന്ന വെള്ളവും നേര്യമംഗലം പവര്‍ഹൗസില്‍നിന്നുള്ള വെള്ളവും പെരിയാറിലെ വെള്ളവും ലോവര്‍ പെരിയാറിലാണ് ചേരുന്നത്. ഇടുക്കിയില്‍നിന്നുള്ള വെള്ളംകൂടി എത്തുന്നതോടെ ലോവര്‍പെരിയാറിന്റെ ഏഴ് ഷട്ടറുകള്‍ ഒന്നിച്ചുയര്‍ത്തേണ്ടിവരും. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ലോവര്‍പെരിയാറില്‍നിന്ന് ഭൂതത്താന്‍കെട്ട്, മലയാറ്റൂര്‍, കാലടി, നെടുമ്പാശ്ശേരി. ആലുവ എന്നിവിടങ്ങളിലൂടെ ഒഴുകി വരാപ്പുഴ കായലില്‍ ചേരും.
എറണാകുളം ജില്ലയില്‍ പെരിയാര്‍ തീരത്ത് ജലനിരപ്പുയരുന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കുമെന്ന് ആശങ്കയുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയേക്കാമെന്നാണ് വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. അതേസമയം, ചെങ്ങല്‍തോടിന്റെ ആഴം കൂട്ടിയതിനാല്‍ വലിയ ഭീഷണിയില്ലെന്നാണ് വിമാനത്താവള അധികൃതരുടെ നിഗമനം. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരേ സമയം തുറന്നാല്‍ മാത്രമാണ് ഭീഷണിയെന്നും വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.
 

Latest News