മക്ക- സൗദി അറേബ്യൻ കൺവെൻഷൻ സെൻട്രൽ അഥോറിറ്റി സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനം സപ്തംബർ ഇരുപത്തിമൂന്ന് മുതൽ മക്കയിൽ ആരംഭിക്കും. ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് ഡോ.ഹുസൈൻ മടവൂർ പങ്കെടുക്കും. പതിനൊന്ന് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കും. കൂടാതെ നാല് പരിശീലന സെഷനുകളുമുണ്ടാവും. മക്കാ ഹോളിഡേ ഇൻ കൺവെൻഷൻ സെന്ററിലാണ് പരിപാടി.
ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളുടെ ആധികാരികതയും നിലപാടുകളും, ആധുനിക ജീവിതത്തിൽ ഇസ്ലാമിക നിയമങ്ങളുടെ അനിവാര്യത, വാണിജ്യ രംഗത്തെ നൂതന ഇടപാടുകൾ, നിർമ്മിത ബുദ്ധി ഉപയോഗത്തിലെ മത തത്വങ്ങൾ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ പാലിക്കേണ്ട സൂക്ഷ്മത, സാംസ്‌കാരിക വൈവിദ്ധ്യവും ഇസ്ലാമിന്റെ കാഴ്ചപ്പാടുകളും, മത പ്രമാണങ്ങളുടെ അക്ഷരാർത്ഥങ്ങളും അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും, മാറുന്ന സാഹചര്യങ്ങളും ശരീഅത്തിന്റെ പ്രയോഗവൽക്കരണവും തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.
സൗദി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്ന് കീഴിലുള്ള പഠന ഗവേഷണ കേന്ദ്രങ്ങളും മദീനാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റി, റിയാദ് കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, ജിദ്ദാ കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേയും വിദേശ യൂണിവേഴ്‌സിറ്റികളിലെയും പ്രൊഫസർമാരാണ് പരിപാടിയിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുക. അവരിൽ വനിതകളുമുണ്ടെന്നത് ശ്രദ്ധേയമാണ്. നാൽപത് വർഷങ്ങൾക്ക് മുമ്പ് മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്തിയ ഡോ.ഹുസൈൻ മടവൂർ രണ്ടാമത്തെ അക്കാദമിക സെഷനിൽ അദ്ധ്യക്ഷത വഹിക്കും. ലോക രാഷ്ട്രങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കാനുള്ള സൗദി അറേബ്യൻ കൺവെൻഷൻ സെൻട്രൽ അഥോറിറ്റിയുടെ ക്ഷണം ഒരു ഇന്ത്യക്കാരനെന്ന നിലയിലും മക്കയിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലും അഭിമാനകരമാണെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഒരു മാസത്തിന്നുള്ളിൽ മൊറോക്കോവിലും മക്കയിലും നടന്ന പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.