കോഴിക്കോട്- കേരളത്തിൽ നിലവിൽ പുതിയ നിപ്പ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ട് പറഞ്ഞു. അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ.
അവസാനം രോഗം ബാധിച്ചയാളെ ചികിത്സിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ലക്ഷണങ്ങളുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ 1192 പേരുള്ളതായി കണ്ടെത്തി. നിലവിൽ സംസ്ഥാനത്ത് നിപ്പ നിയന്ത്രണ വിധേയമാണ്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. ലക്ഷണങ്ങളുള്ള ചിലരുടെ പരിശോധനാ ഫലം ഇന്ന് രാത്രിയോടെ അറിയാം. 51 സാമ്പിളുകളുടെ ഫലമാണ് ഇനി വരാനുള്ളതെന്നും മന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ബിൽ സർക്കാർ ആശുപത്രിയിൽ നൽകും.