കൊച്ചി- കാനഡ പെര്‍മനന്റ് റെസിഡെന്റ് വിസയ്ക്ക് പണം വാങ്ങി വഞ്ചിച്ച ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. ഏജന്‍സി വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്‍ വിധിച്ചത്. കമ്മിഷന്‍ പ്രസിഡന്റ് ഡി. ബി. ബിനു, അംഗങ്ങളായ വൈക്കം രാമചന്ദ്രന്‍, ടി. എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തവിട്ടത്.
കൊച്ചി പള്ളുരുത്തി സ്വദേശിനി ആന്‍സി കെ. അലക്‌സാണ്ടര്‍ 2018 സെപ്റ്റംബര്‍ മാസത്തിലാണ് കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സി മുഖേന കാനഡയിലേക്കുള്ള പി. ആറിന് അപേക്ഷിച്ചത്. യുവതിക്ക് വിസയ്ക്ക് യോഗ്യതയുണ്ട് ഇ- മെയില്‍ മുഖേന അസസ്‌മെന്റ് സ്‌കോര്‍ നല്‍കിയ ഏജന്‍സി 2019 ജനുവരിയില്‍ 75,000 രൂപ ഫീസ് ഇനത്തില്‍ വിദ്യാര്‍ഥിനിയില്‍ നിന്നും ഈടാക്കുകയായിരുന്നു. കൂടാതെ ഏജന്‍സിയുടെ നിര്‍ബന്ധത്തില്‍ ഐ. ഇ. എല്‍. ടി. എസ്. പാസ്സാകുന്നതിനുവേണ്ടി പരാതിക്കാരി 1,49,500 രൂപ കൂടി ചെലവഴിക്കേണ്ടി വന്നു.
എന്നാല്‍ പിന്നീട് പലതവണ ഏജന്‍സിയെ ബന്ധപ്പെട്ടിട്ടും വിസ ലഭിക്കാത്ത സാഹചര്യത്തില്‍ കാനഡ ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസന്‍ഷിപ്പ് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് വേണ്ടത്ര യോഗ്യത ഇല്ല എന്ന കാരണത്താല്‍ കാനഡ ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിച്ചതായും അസസ്്‌മെന്റ് റിപ്പോര്‍ട്ട് വ്യാജമായിരുന്നു എന്നും മനസിലാക്കിയത്.
കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. പരാതിക്കാരിയില്‍ നിന്നും ഫീസ് ഇനത്തില്‍ ഈടാക്കിയ മുക്കാല്‍ലക്ഷം രൂപയും നഷ്ടപരിഹാരമായി 13,000 രൂപയും 30 ദിവസത്തിനകം നല്‍കാന്‍ ഇമിഗ്രേഷന്‍ ഏജന്‍സിയായ ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസിന് കോടതി ഉത്തരവ് നല്‍കി.