കോഴിക്കോട്- ഇടതു മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ഇനിയും ഇന്ത്യൻ നാഷണൽ ലീഗിനെ തേടിയെത്തിയിട്ടില്ല. വിപുലീകരിക്കുന്നെങ്കിൽ ആദ്യ പരിഗണന ഐ.എൻ.എല്ലിന് തന്നെയെന്ന നേതാക്കളുടെ ഉറപ്പിലാണ് പ്രതീക്ഷ.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലമാക്കാനാണ് ഇടതു മുന്നണി നേതൃത്വം തീരുമാനമെടുത്തത്. കക്ഷികളുടെ ഒരു നിര തന്നെ ഇടതു മുന്നണിയുടെ വാതിൽക്കലുണ്ട്. കേരള കോൺഗ്രസുകൾ രണ്ട്, ജെ.എസ്.എസ്, സി.എം.പി, ലോക് താന്ത്രിക് ദൾ, ഐ.എൻ.എൽ, എൻ.എസ്.സി തുടങ്ങിയ കക്ഷികളാണ് അംഗത്വത്തിന് രംഗത്തുള്ളത്. എന്നാൽ യു.ഡി.എഫിന്റെ ഭാഗമായ ആർ.എസ്.പിയെ കൊണ്ടുവരാനാണ് സി.പി.എം ശ്രമിച്ചു വരുന്നത്. ഒരേ സ്വഭാവമുള്ള കക്ഷികൾ ലയിച്ച് ഒന്നായ ശേഷം മതി മുന്നണിയിലെടുക്കുന്നത് എന്ന അഭിപ്രായം സി.പി.എമ്മിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സമാന കക്ഷികൾ ലയനത്തിന് ശ്രമം നടത്തിവരികയാണ്.
കേരള കോൺഗ്രസിന്റെ രണ്ട് ഗ്രൂപ്പുകൾ തമ്മിലെ ലയന ശ്രമം തൽക്കാലം പരാജയപ്പെട്ട നിലയിലാണെങ്കിലും നിവൃത്തിയില്ലെങ്കിൽ അത് നടക്കും. എന്നാൽ ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുക്കുന്നതിനോട് സി.പി.ഐക്ക് താൽപര്യമില്ല. ഐ.എൻ.എല്ലും എൻ.എസ്.സിയും ലയിക്കട്ടെയെന്ന നിർദേശവുമുണ്ട്.
ഘടക കക്ഷിയാക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെങ്കിലും പ്രതീക്ഷയിലാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് മലയാളം ന്യൂസിനോട് പറഞ്ഞു. പി.ടി.എ റഹീമിന്റെ നാഷണൽ സെക്യുലർ കോൺഫ്രൻസുമായി ലയിക്കണമെന്ന നിർദേശം ഇടതുമുന്നണി വെച്ചിട്ടില്ല.
ഒന്നര വർഷം മുമ്പെ എൻ.എസ്.സിയുമായി ലയന ചർച്ച നടത്തിയിരുന്നു. അതിന് തടസ്സങ്ങളൊന്നുമില്ല. എപ്പോൾ വേണമെങ്കിലും ഒരു കക്ഷിയായി തീരാവുന്നതേയുള്ളൂ. എന്നാൽ അത്തരം ഉപാധിയൊന്നും ഇടതു മുന്നണി ഐ.എൻ.എല്ലിന് മുന്നിൽ വെച്ചിട്ടില്ല -അദ്ദേഹം പറഞ്ഞു.