കോഴിക്കോട് - നിപയുടെ പശ്ചാത്തലത്തിൽ ബേപ്പൂർ ഫിഷ് ഹാർബർ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബേപ്പുർ ഹാർബറിലോ ഫിഷ് ലാൻഡിങ് സെന്ററുകളിലോ ബോട്ടുകൾ അടുപ്പിക്കാനോ മത്സ്യം ഇറക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു.
മത്സ്യബന്ധനത്തിനു പോയ ബോട്ടുകളും വള്ളങ്ങളും വെള്ളയിൽ ഫിഷ് ലാൻഡിങ് സെന്ററിലോ പുതിയാപ്പ ഫിഷ് ലാൻഡിങ് സെന്ററിലോ അടുപ്പിക്കണം. മത്സ്യം ഇറക്കുന്നതിനും വിൽക്കുന്നതിനും ഫിഷ് ലാൻഡിങ് സെന്ററുകളുടെയും ഹാർബറുകളിലെയും സംവിധാനങ്ങൾ ഉപയോഗപ്പെടുത്താം.
ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ബേപ്പൂർ ഹാർബർ താത്കാലികമായി അടച്ചിടും. ബേപ്പൂരിൽനിന്നുള്ള ബോട്ടുകൾക്കും വള്ളങ്ങൾക്കും മത്സ്യം ഇറക്കാനും കച്ചവടം നടത്താനുമുള്ള സൗകര്യം വെള്ളയിലും പുതിയാപ്പയിലും ചെയ്തു കൊടുക്കണം. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളും കോഴിക്കോട് കോർപ്പറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.