കോഴിക്കോട് - ഫഹദിനേയും പാത്തുമ്മയേയും കാണാൻ കലക്ടർ വീട്ടിലെത്തിയപ്പോൾ വിസ്മയത്തോടെ നാട്ടുകാർ. ആലപ്പുഴയിലേയും കോട്ടയത്തേയും മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ജില്ലാ കലക്ടറുടെ അഭ്യർഥന പത്രത്തിൽ വായിച്ച് പാലാഴിയിലെ പത്താം ക്ലാസുകാരൻ മുഹമ്മദ് ഫഹദ് താൻ സൂക്ഷിച്ചു വെച്ച മൺ കുടുക്കയിലെ നാണയത്തുട്ടുകളെല്ലാം ഉമ്മ ഫാത്തിമയുടെ കയ്യിൽ കൊടുക്കുമ്പോൾ അത് വലിയ കാര്യമാണെന്ന് അവൻ കരുതിയതേയില്ല. ആ നാണയത്തുട്ടുകൾ ചേർത്ത് ഉമ്മ ബിസ്‌കറ്റും അരിപ്പൊടിയും വാങ്ങി മാനാഞ്ചിറ ഡി.ടി.പി.സി ഹാളിലെ കൗണ്ടറിലെത്തുമ്പോൾ ജില്ലാ കലക്ടർ യു.വി. ജോസ് അത് സ്വീകരിച്ചു. മകന്റെ സ്‌നഹ സമ്മാനമാണെന്നറിഞ്ഞപ്പോൾ കലക്ടർ അവരെ ആശ്ലേഷിച്ചു. കോഴിക്കോടിന്റെ നന്മയുടെ വഴിയിൽ ഒരു പൂമരം പോലെ നിൽക്കുന്ന പാത്തുമ്മയെ പറ്റി പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വായിച്ച് നിരവധിയാളുകൾ ഭക്ഷ്യ വസ്തുക്കളുമായെത്തി. ഒമ്പത് ലോറി നിറയെ ഭക്ഷ്യവസ്തുക്കൾ ദുരിതബാധിത സ്ഥലങ്ങളിലേക്ക് കോഴിക്കോടിന്റെ സ്‌നേഹ സമ്മാനമായി അയച്ചു.
ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജില്ലാ കലക്ടർ ഇന്നലെ പാത്തുമ്മയുടെ വീട്ടിലെത്തുമ്പോൾ അധികം ആരുമറിഞ്ഞിരുന്നില്ല. ഫഹദിനെ കലക്ടർ വാത്സല്യത്തോടെ തലോടി. മിടുക്കനായി പഠിക്കാൻ ഉപദേശിച്ചു. അപ്പോഴേക്കും കലക്ടറുടെ വാഹനം പാത്തുമ്മയുടെ വീട്ടിനു മുന്നിൽ കണ്ട് പരിസരവാസികളെല്ലാം ഓടിക്കൂടി. 'മോനേ, ഒരാൾക്കുള്ള ഭക്ഷണം പത്താൾക്ക് തിന്നാം. പത്താൾക്കുള്ള ഭക്ഷണം ഒരാൾക്ക് പറ്റൂലല്ലോ. അതേ ഞമ്മള് ചെയ്തിട്ടുള്ളൂ...'
അനാഥരുടെ മയ്യിത്ത് കുളിപ്പിക്കാനും ആരോരുമില്ലാത്തവർക്ക് അത്താണിയാകാനും പാത്തുമ്മ എന്നും മുന്നിലുണ്ടാകും. വയനാട്ടിലെ ആദിവാസി കുടിലുകളിലും പാത്തുമ്മ കുടുംബക്കാരെ എല്ലാം കൂട്ടി അരിയും ഈക്ക ചെമ്മീനും പലഹാരങ്ങളുമായി പോകുന്ന പതിവുണ്ട്. ഇതെല്ലാം കണ്ടാണ് ഫഹദും കുടുക്ക പൊട്ടിക്കാൻ തയാറായത്. മാസങ്ങൾക്ക് മുമ്പ് പാലാഴിയിൽ സ്‌നഹവീട് സമർപ്പിക്കാൻ കലക്ടർ വരുന്നതും കാത്തിരുന്ന ഓർമ നാട്ടുകാർ പങ്കുവെച്ചു. ഇപ്പോൾ ആ കലക്ടർ വീട്ടിൽ വന്നു -നാട്ടുകാർ പറഞ്ഞു. കലക്ടറുടെ ഭാര്യയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.