കോഴിക്കോട് - കേരളത്തിലെ ആദ്യ നിപ്പ ബാധയിൽ നിന്ന് ആരോഗ്യ വകുപ്പ് ഒന്നും പഠിച്ചില്ല. സമാന സാഹചര്യത്തിൽ നിപ്പ കടന്നു വരുമ്പോൾ ഇതേക്കുറിച്ച് എന്ത് പഠനം നടത്തി എന്ന ചോദ്യം അവശേഷിക്കുന്നു.
2018 ലെ നിപ്പ വ്യാപനത്തിൽ മുഖ്യ പങ്കു വഹിച്ചത് സർക്കാർ ആശുപത്രികളിലെ ദുരവസ്ഥയെന്ന് ആഗോള ജേണലുകളിന് വന്ന പഠനങ്ങൾ പറയുന്നു.ഇതനുസരിച്ചു നടപടികൾ ഒന്നും ഉണ്ടായില്ല. രോഗികളുടെ തിരക്കും സുരക്ഷാ കാര്യങ്ങളിലെ അശ്രദ്ധയും വ്യാപന നിരക്ക് കൂട്ടിയെന്ന് ജേണൽ ഓഫ് ഗ്ലോബൽ ഇൻഫക്ഷ്യസ് ഡിസീസസിലെ റിപ്പോർട്ടിൽ പറയുന്നു.
പേരാമ്പ്രയിലെ പന്തീരിക്കരയിലെ ചെറുപ്പക്കാരനാണ് 2018 ലെ നിപ്പ ബാധയുടെ ആദ്യത്തെ ഇര. തുടർന്ന് 19 പേർക്ക് രോഗം ബാധിച്ചു. രണ്ടു പേരൊഴികെ എല്ലാവരും മരിച്ചു. ഇതിൽ മൂന്നു പേർക്ക് മാത്രമാണ് കുടുംബം എന്ന നിലയിൽ ഇടപഴകിയതിനാൽ രോഗം പടർന്നത്. ബാക്കി എല്ലാവർക്കും രോഗം ബാധിച്ചത് ആശുപത്രികളിൽ നിന്നാണ്. ആരോഗ്യ പ്രവർത്തകർ, രോഗിയുടെ സഹായികൾ, രോഗികളുണ്ടായിരുന്ന വാർഡിലെ മറ്റു രോഗികൾ, അവരുടെ കൂട്ടിരിപ്പുകാർ എന്നിവർക്ക് രോഗബാധ ഉണ്ടാവാൻ കാരണം ആശുപത്രികളിലെ സാഹചര്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശ്ശേരി ഗവൺമെന്റ് ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് രോഗം പടർന്നത്.
ആശുപത്രികളിലെ ജനത്തിരക്ക്, ആവശ്യമയായ വായുവും വെളിച്ചുവുമില്ലായ്മ, വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും വരാന്തകളിലും രോഗം പരക്കുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളുടെ അഭാവം എന്നിവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ ജീവനക്കാർ ഗ്ലൗസ്, മാസ്‌ക് എന്നിവ യഥാവിധി ധരിക്കുകയോ കൈകൾ അണുമുക്തമാകും വിധം കഴുകുകയോ ചെയ്യുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. 2018 മെയ് 17 നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പേരാമ്പ്രയിൽ നിന്നുള്ള 28 വയസ്സുകാരൻ സാബിത്ത് എത്തുന്നത്. പനി, ഛർദി, തല കറക്കം തുടങ്ങിയ ലക്ഷണങ്ങളോടെ എത്തിയ സാബിത്തിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നു. സാബിത്തിന്റെ പിതാവിനെയും പിതാവിന്റെ സഹോദര ഭാര്യയെയും ഇതേ ലക്ഷണങ്ങളോടെ ബേബിയിൽ എത്തിക്കുന്നു. സാബിത്തിന്റെ ഇതേ ലക്ഷണങ്ങളുണ്ടായിരുന്ന യുവാവ് 12 ദിവസം മുമ്പ് മരിച്ചുവെന്ന് കൂടി അറിയുന്നതോടെ നിപ്പയടക്കം രോഗ പരിശോധനക്കായി ഇവരുടെ രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവ മണിപ്പാൽ സെന്റർ ഫോർ വൈറസ് റിസർച്ചിലേക്ക് അയക്കുകയും പിറ്റേന്ന് നിപ്പയെന്ന് റിപ്പോർട്ട് ചെയ്യുകയുമാണുണ്ടായത്. മെയ് 20 നാണ് പുനെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഈ ഫലം ശരിവെച്ചത്.
ഇതോടെയാണ് മെയ് 5 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച 26 വയസ്സുള്ള സഹോദരന് നിപ്പയാണെന്ന് വിലയിരുത്തുന്നത്. ഇയാൾ മെയ് രണ്ടിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മൂന്നിന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സക്കെത്തി. രോഗബാധയേറ്റ ശേഷം സുഖം പ്രാപിച്ച രണ്ടു പേരിലെ 19 കാരി ആശുപത്രിയിലെ നഴ്‌സാണ്. 27 കാരനാകട്ടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഔട്ട് പേഷ്യന്റായും വന്നു. മരിച്ച സഹോദരനിൽ നിന്നാവണം, സാബിത്ത്, പിതാവ് , പിതൃസഹോദര ഭാര്യ എന്നിവർക്ക് രോഗം പകർന്നത്. ഇവരെ ആശുപത്രിയിൽ പരിചരിച്ചവരോ ഇവരെ ആശുപത്രിയിൽ വരുമ്പോൾ അവിടെയുണ്ടായിരുന്നവരോ ആണ് പിന്നീട് രോഗികളായത്. പേരാമ്പ്ര ആശുപത്രി വാർഡ്, കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റി, റേഡിയോളജി റൂം, ഐ.സി.യു, ബാലുശ്ശേരി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്നാണ് രോഗം പകർന്നത്.
2469 ആളുകളെയാണ് 2018 ൽ നിരീക്ഷണത്തിൽ വെച്ചത്. 337 പേരുടെ രക്തവും തൊണ്ടസ്രവവും പരിശോധനക്ക് അയച്ചതിൽ 17 എണ്ണം പോസിറ്റിവ് ആയി.
പഴം തീനി വവ്വാലുകളിൽ നിന്നാണ് നിപ്പ പകർന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ ദേശത്തു ഇത്തരം വവ്വാലുകളുടെ കൂട്ടത്തെ കണ്ടെത്തുകയും 52 എണ്ണത്തെ പിടികൂടി പരിശോധിക്കുകയും ചെയ്തു. പത്തെണ്ണത്തിൽ നിപ്പ വൈറസ് കണ്ടെത്തി.
വൈറസ് ബാധിച്ച എല്ലാവർക്കും പനി ഉണ്ടായിരുന്നു. 19 ൽ 16 പേർക്ക് തലകറക്കവും 12 പേർക്ക് പേശി വേദനയും നെഞ്ചിടിപ്പ് വർധനയും ഉണ്ടായി. തലവേദന, ഛർദി, രക്തസമ്മർദം എന്നിവയാണ് കൂടുതൽ പേരിൽ കണ്ടത്. രോഗികളുമായി ബന്ധം ഉണ്ടായ ശേഷം ശരാശരി 9.5 ദിവസം വരെ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങളുണ്ടായത്.
ലോകത്ത് ആദ്യമായി നിപ്പ പ്രത്യക്ഷപ്പെട്ട മലേഷ്യയിൽ നിപ്പ പകർന്നത് പന്നിയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വവ്വാൽ കഴിച്ച പഴം കഴിച്ചതാണെന്ന് അനുമാനിക്കുന്നു. ബംഗ്ലാദേശിലേതാവട്ടെ രോഗബാധയുണ്ടായ പശുവിൽ നിന്നാണ് മനുഷ്യനിലേക്ക് പടർന്നത്.
ആശുപത്രികളിൽ അണുനശീകരണ പ്രവർത്തനങ്ങളിലെ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. വനനശീകരണം, നഗരവൽക്കരണം എന്നിവയെപ്പറ്റി പഠനം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.