ഇസ്താംബൂൾ - യാസർ ദോഗു ഇന്റർനാഷനൽ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സ്വർണം നേടി. തുടർച്ചയായ രണ്ടാമത്തെ ഇന്റർനാഷനൽ ചാമ്പ്യൻഷിപ്പിലാണ് ബജ്‌റംഗ് ചാമ്പ്യനാവുന്നത്. സന്ദീപ് തോമറിന് വെള്ളി ലഭിച്ചു. ഇന്ത്യക്ക് 10 മെഡൽ കിട്ടി. അതിൽ ഏഴും വനിതകളുടെ വകയാണ്. എന്നാൽ ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് നിരാശപ്പെടുത്തി.
55 കിലൊ വിഭാഗത്തിൽ പിങ്കിയാണ് വനിതകളിലെ ഏക സ്വർണ മെഡൽ ജേത്രി. ഉക്രൈന്റെ ഓൽഗ ഷനൈഡറെ ഫൈനലിൽ പിങ്കി 6-3 ന് തോൽപിച്ചു. കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ ബജ്‌റംഗ് ജോർജിയയിലെ തിബ്‌ലിസി ഗ്രാന്റ്പ്രിയിൽ സ്വർണം നേടിയാണ് ഇസ്താംബൂളിലെത്തിയത്. 70 കിലൊ വിഭാഗം ഫൈനലിൽ ഉക്രൈന്റെ ആന്ദ്രി കവിയാത്‌കോവ്‌സ്‌കിയെ അനായാസം ബജ്‌റംഗ് തോൽപിച്ചു. 61 കിലൊ വിഭാഗം ഫൈനലിൽ ഇറാന്റെ മുഹമ്മദ് ബാഖിർ യശ്‌കേശിയോട് സന്ദീപ് തോറ്റു. 62 കിലൊ വിഭാഗത്തിൽ സരിതക്ക് വെങ്കലം കിട്ടി. ഇതേ വിഭാഗത്തിൽ മത്സരിച്ച സാക്ഷി യോഗ്യതാ റൗണ്ട് മാത്രമാണ് ജയിച്ചത്.