തബൂക്ക്- നവീന ശിലായുഗത്തിൽ മനുഷ്യവാസമുണ്ടായിരുന്നതായി വിശ്വാസിക്കപ്പെടുന്ന പുരാതന അറേബ്യയിലെ സമ്പൽ സമൃദ്ധഭൂമിയായിരുന്നു തബൂക്ക് പ്രവിശ്യയിലെ തൈമ. ബി.സി 3300-ൽ വരെ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി പുരാതന വസ്തുക്കൾ ഇവിടെനിന്ന് കുഴിച്ചെടുത്തിട്ടുണ്ട്. പിൽക്കാലത്ത് യഹൂദ വംശജരും ക്രൈസ്തവരും ഇവിടെ താമസമുറപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ നിയോഗത്തോടെ ഇവിടുത്തുകാർ ഇസ്‌ലാമിക രാജ്യത്തിനു കീഴിലായി. തൈമയിലെ പുരാതന നിർമ്മിതികളിൽ ഗാംഭീര്യത്തോടെ നിലനിൽക്കുന്നതാണ് തൈമയിലെ പഴയ നഗരത്തിലെ അലി ബിൻ റുമ്മാൻ കോട്ട. ഈന്തപ്പന തോട്ടത്തിലേക്ക് തലയുയർത്തി നോക്കുന്ന കോട്ടയുടെ നിൽപ്പ് സഞ്ചാരികളുടെ മനം കവരുന്നതാണ്. കളിമണ്ണും ദീർഘ ചതുരത്തിലുള്ള ഇഷ്ടികകളും ചേർത്ത് കെട്ടിയിരിക്കുന്ന കോട്ടയുടെ നിർമാണത്തിന് മരത്തടികളും ഈന്തപ്പന മട്ടലുകളും ഉപയോഗിച്ചിട്ടുണ്ട്.
പുരാതന നിർമ്മിതികളുടെ ചിത്രം പകർത്തുന്നതിൽ ശ്രദ്ധേയനായ സൗദി പൗരൻ അബ്ദുൽ ഇലാഹ് അൽ ഫാരിസ് കോട്ടയുടെ ജീവൻ തുടിക്കുന്ന ഫോട്ടോകൾ അൽ അറബിയ ചാനലിനു വേണ്ടി പകർത്തിയിരിക്കുകയാണ്. തൈമയില അതിപുരാതനമായ അൽ ഹദ്ദാജ് കിണറിൽ നിന്നും 500 മീറ്റർ ദൂരെ ഈന്തപ്പന തോട്ടത്തിനു നടുവിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. നിരവധി മുറികളും അറകളുമുള്ള കോട്ടക്ക് മൂന്ന് നിലകളുണ്ട്. അതിഥികൾക്ക് താമസിക്കാൻ കോട്ടയോടു ചേർന്ന് അനുബന്ധ മുറികളും വിശാലമായ സ്വീകരണ മുറിയും വേറെയും. എ.ഡി 1720 ൽ തൈമയിലെ ഭരണാധികാരിയായ അലി ബിൻ അബ്ദുൽ കരീം ബിൻ റുമ്മാൻ നിർമിച്ച ഈ കോട്ടക്ക് 800 സ്‌ക്വയർ മീറ്ററിലേറെ വിസ്തൃതിയുണ്ട്. തൈമയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് ബിൻ റുമ്മാൻ കോട്ട.