Sorry, you need to enable JavaScript to visit this website.

ഐഫോണ്‍ വാങ്ങാന്‍ വിദേശങ്ങളില്‍നിന്ന് നിരവധി പേര്‍ ദുബായിലെത്തി

ദുബായ്- പുതിയ ഐഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി വിദേശത്ത് നിന്നുള്ള ടെക് പ്രേമികള്‍ ദുബായിലേക്ക് വരുന്നു. ഏറ്റവും പുതിയ ഐഫോണ്‍ മോഡല്‍ ആദ്യം തന്നെ സ്വന്തമാക്കാന്‍ വെമ്പുന്നവരാണ് അവര്‍. വളരെ ദൂരം സഞ്ചരിക്കേണ്ടി വന്നാലും സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് ടെക് പ്രേമികളുടെ ലക്ഷ്യം.

നികുതി കുറവും ഈ ഫോണുകളുടെ ലഭ്യതയും കാരണം വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ദുബായില്‍ എത്തിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലയില്‍ ഫോണ്‍ ലഭിക്കാനുള്ള അവസരത്തിനായി ഇന്ത്യ, പാകിസ്ഥാന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് നിരവധിപേര്‍ എത്തിയിട്ടുണ്ട്.

ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍, വലിയ നികുതികാരണം ഐഫോണ്‍ വളരെ ചെലവേറിയതാണ്. ഈ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ പറയുന്നതനുസരിച്ച്, ഐഫോണ്‍ പ്രോ മോഡലിനായി ആളുകള്‍ക്ക് പലപ്പോഴും 1,000 ദിര്‍ഹത്തില്‍ കൂടുതല്‍ ചെലവഴിക്കേണ്ടിവരുന്നു. 'അത് വലിയ സംഖ്യയാണ്. ഇക്കാരണത്താല്‍, ഐഫോണ്‍ പ്രീബുക്ക് ചെയ്യാനാണ് ഞാന്‍ ദുബായില്‍ വന്നത്, കാരണം ഇവിടെ വില കുറവായിരിക്കും- ഹൈദരാബാദില്‍ നിന്ന് വന്ന അബ്ദുള്‍ ബാദി പറഞ്ഞു.

തന്റെ സഹോദരങ്ങള്‍ക്കും ഭാര്യക്കുമായി കുറഞ്ഞത് മൂന്ന് ഫോണുകളെങ്കിലും വാങ്ങാന്‍ ബാദി പദ്ധതിയിടുന്നു. 'എനിക്ക് 3 അല്ലെങ്കില്‍ 4 എണ്ണം ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതുവഴി യാത്രക്ക ചെലവായ പണം ലാഭിക്കാം. ഇന്ത്യയില്‍, ഡിമാന്‍ഡ് വളരെ കൂടുതലാണ്, ഫോണ്‍ ലഭിക്കുന്നത് സംശയമാണ്, ബാദി പറഞ്ഞു.

രണ്ട് ദിവസം മുമ്പ് കറാച്ചിയില്‍നിന്ന് ദുബായിലെത്തിയ മറ്റൊരു ഐഫോണ്‍ പ്രേമിയായ ഇബ്രാഹിം ഡെലിവറിയുടെ ആദ്യ ദിവസം തന്നെ പുതിയ മോഡല്‍ സ്വന്തമാക്കാനാണ് എത്തിയത്. 'ഞാന്‍ 12 വര്‍ഷം യു.എ.ഇയില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോഴും വിസയുണ്ട്. ബിസിനസിനോ വിനോദത്തിനോ വേണ്ടി പലപ്പോഴും ദുബായ് സന്ദര്‍ശിക്കാറുണ്ട്.
'എന്റെ പല സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുതിയ മോഡല്‍ ബുക്ക് ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,' ഇബ്രാഹിം പറഞ്ഞു.

പുതിയ മോഡല്‍ കൈക്കലാക്കാന്‍ കഴിഞ്ഞയാഴ്ച ഒരു യൂറോപ്യന്‍ ടൂറിസ്റ്റ് ദുബായില്‍ എത്തിയിരുന്നു. 'എന്റെ രാജ്യത്ത് ഐഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്, എനിക്ക് അവ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭിക്കും.-അദ്ദേഹം പറഞ്ഞു.

 

Latest News