അബുദാബി- സാധാരണക്കാരുമായി ഇടപഴകാനുളള യു.എ.ഇ ഭരണാധികാരികളുടെ സന്നദ്ധത പുതിയ കാര്യമല്ല. വിനയവും മററ് മനുഷ്യരോടുള്ള അനുഭാവവും മുഖമുദ്രയാക്കിയ പെരുമാറ്റമാണ് അവരുടേത്. യു.എ.ഇ പ്രസിഡന്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബിയിലെ തിരക്കേറിയ മാളിലൂടെ നടക്കുമ്പോള്‍ ഒരാള്‍ ചെറിയ അഭ്യര്‍ഥനയുമായി മുന്നില്‍ വന്നു. ഒരു സെല്‍ഫിയെടുക്കണം. യാതൊരു വിസമ്മതവും കൂടാതെ ശൈഖ് മുഹമ്മദ് അയാള്‍ക്കൊപ്പം സെല്‍ഫറിക്ക് പോസ് ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
മാളില്‍ ഒരു സാധാരണക്കാരനെപ്പോലെയാണ് ശൈഖ് മുഹമ്മദ് നടക്കുന്നത്. പോലീസും പരിവാരങ്ങളുമില്ല. പലരും അദ്ദേഹത്തെ തിരിച്ചറിയുന്നുപോലുമില്ല. കഫേകളും കടകളും കടന്ന് അദ്ദേഹം നടന്നുപോകുന്നു. കാഴ്ചക്കാരെയും കാഴ്ചക്കാരെ ആകര്‍ഷിച്ചത് ശൈഖ് മുഹമ്മദിന്റെ നിസ്സംഗമായ പെരുമാറ്റമാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തുടങ്ങി. അപ്പോഴാണ് ഒരു സെല്‍ഫിക്ക് വേണ്ടിയുള്ള അഭ്യര്‍ഥനയുമായി ഒരാള്‍ രംഗത്തുവരുന്നത്. ശൈഖ് മുഹമ്മദ് അഭ്യര്‍ഥന മാന്യമായി അംഗീകരിച്ചു. യു.എ.ഇ പ്രസിഡന്റിന്റെ തോളില്‍ കൈയിട്ടാണ് അയാള്‍ സെല്‍ഫിയെടുത്തത്. ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും അസാധാരണ നേതാവിനോടുള്ള അഭിനന്ദന പ്രവാഹമായി മാറുകയും ചെയ്തു.