ചെന്നൈ- രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നാലു പേരേയും സ്വദേശമായ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്രം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ശ്രീഹരന്‍ എന്ന മുരുകന്‍, ഭാര്യ എസ്. നളിനി, ശാന്തന്‍, റോബര്‍ട്ട്, ജയകുമാര്‍, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍. ഇതില്‍ പേരറിവാളന്‍, എസ്. നളിനി, രവിചന്ദ്രന്‍ എന്നിവരെ സുപ്രിം കോടതി ഉത്തരവിനെത്തുടര്‍ന്ന് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
തിരുച്ചിറപ്പള്ളിയിലെ വിദേശികളുടെ ജയിലിലാണിപ്പോള്‍ നാലു പേരുമുളളത്. തന്റെ ഭര്‍ത്താവ് മുരുകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്. നളിനി നല്‍കിയ ഹരജിയിലാണ് കോടതി കേന്ദ്രത്തിന്റെ മറുപടി ആവശ്യപ്പെട്ടിരുന്നത്.
1992 ഡിസംബര്‍ 19ന് അറസ്റ്റ് ചെയ്യുമ്പോള്‍ നളിനി ഗര്‍ഭിണിയായിരുന്നു. ചെങ്കല്‍പേട്ട് ജയിലില്‍ വച്ച് അവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകള്‍ ഇപ്പോള്‍ യു. കെ പൗരയാണ്. മകള്‍ക്കൊപ്പം താമസിക്കാനായി യു. കെയിലേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ തയാറാക്കുന്നതിനായി മുരുകനെ റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് നളിനി അധികൃതരെ സമീപിച്ചെങ്കിലും നടപടി ഇല്ലാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ ലങ്കന്‍ സ്വദേശികള്‍ അനധികൃതമായാണ് ഇന്ത്യയിലെത്തിയതെന്നും നിയമപ്രകാരമാണ് ഇവരെ ലങ്കയിലേക്ക് തിരിച്ചെത്തിക്കും വരെ പ്രത്യേക ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ കോടതിയെ അറിയിച്ചു.
1991ല്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ചാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.