ന്യൂദല്‍ഹി- സുരക്ഷാ ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം സ്ഥിരം കുറ്റവാളിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച അധിക രേഖകള്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു.
നിഷാം മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നു രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ രേഖ സമര്‍പ്പിച്ചത്.
നിഷാമിനെതിരായ 17 കേസുകളുടെ വിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാപ്പ ലിസ്റ്റില്‍ മുഹമ്മദ് നിഷാമിനെ ഉള്‍പ്പെടുത്തിയതിന്റെ വിവരങ്ങളും അധിക രേഖകളിലുണ്ട്. നിഷാമിനു വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഒരാഴ്ച്ച കഴിഞ്ഞു പരിഗണിക്കും. സര്‍ക്കാര്‍ സമര്‍പ്പിച്ച അധികരേഖയില്‍ മറുപടി നല്‍കാന്‍ എതിര്‍ഭാഗം സമയം ആവശ്യപ്പെട്ടതിനാലാണു സുപ്രിം കോടതി കേസ് മാറ്റിയത്.
ജീവപര്യന്തം തടവിനെതിരേ നിഷാം സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും എതിര്‍ കക്ഷികള്‍ക്കും സുപ്രിം കോടതി നോട്ടിസ് അയച്ചിരുന്നു. ഹരജി തീര്‍പ്പാക്കുന്നതു വരെ ജാമ്യം നല്‍കണമെന്ന ആവശ്യത്തിലും കോടതി വിശദീകരണം തേടയിരുന്നു. ജീവപര്യന്തം വെട്ടിക്കുറയ്ക്കണമെന്ന ആവശ്യവുമായി നിഷാം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എത്തിയത്.
2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ചു കാറിടിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് ചികിത്സയിലിരിക്കെ ഫെബ്രുവരി 16നാണു മരിച്ചത്.