ദുബയ്- യുഎഇയില്‍ വീസ കാലാവധി തീര്‍ന്ന് അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് ആശ്വാസമായി പൊതുമാറ്റ് ഓഗസ്റ്റ് ഒന്നിനു തുടങ്ങും. പിഴയോ നിയമ നടപടികളോ ഒന്നും ഇല്ലാതെ വിസാ സ്റ്റാറ്റസ് നിയമപരമാക്കാനും നാട്ടിലേക്കു തിരികെ പോകേണ്ടവര്‍ക്ക് നിയമക്കുരുക്കും വിലക്കുമില്ലാതെ സ്വമേധയാ പോകാനും വഴിയൊരുക്കുന്ന സുവര്‍ണാവസരമാണ് യുഎഇ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
പൊതുമാപ്പ് എത്രകാലം?
മൂന്നു മാസത്തേക്കാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2018 ഓഗസ്റ്റ് ഒന്നു മുതല്‍ 2018 ഒക്ടോബര്‍ 31 വരെ ഈ സൗകര്യം ഉപയോഗപ്പെടുത്താം. സാഹചര്യങ്ങള്‍ വിലയിരുത്തിശേഷം സര്‍ക്കാര്‍ രണ്ടു മാസത്തേക്കു കൂടി നീട്ടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ആര്‍ക്കൊക്കെ ഗുണം ചെയ്യും?
വീസ കാലാവധി തീര്‍ന്നിട്ടും പിഴയടക്കാതെയോ വീസ പുതുക്കാതെയോ അനധികൃതമായി യുഎഇയില്‍ തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇതുപയോഗപ്പെടുത്താം. പിഴയില്ലാതെ നിശ്ചിത ഫീസ് അടച്ച് വീസ നിയമപരമാക്കുകയോ അല്ലെങ്കില്‍ യുഎഇയിലേക്ക് പ്രവേശന വിലക്കോ പിഴയോ കൂടാതെ സ്വമേധയാ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുകയോ ചെയ്യാം. അതേസമയം യുഎഇ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്കും കോടതിയില്‍ കേസ് നേരിടുന്നവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല.
വീസ കാലാവധി തീര്‍ന്ന് അനധികൃതമായി തങ്ങുന്നവര്‍ എന്തു ചെയ്യണം?
വീസ കാലാവധി തീര്‍ന്നവര്‍ക്ക് ഒരു പുതിയ സ്‌പോണ്‍സറെ കണ്ടെത്തി വീസ പുതുക്കാം. 500 ദിര്‍ഹം ഇമിഗ്രേഷന്‍ ഫീസ് അടച്ച് അമിര്‍ സെന്ററുകള്‍ മുഖേന പുതിയ വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം. ആറു മാസത്തേക്കുള്ള താല്‍ക്കാലിക റെസിഡന്‍സി വിസ അനുവദിക്കും. ഇതിനകം പുതിയ തൊഴില്‍ കണ്ടെത്തി വീസ മാറ്റാം.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്തു ചെയ്യണം?
സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവിര്‍ ഇമിഗ്രേഷന്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് എക്‌സിറ്റ് പെര്‍മിറ്റ് വാങ്ങാം. 221 ദിര്‍ഹമാണ് എക്‌സിറ്റ് പെര്‍മിറ്റിന് ഫിസായി അടക്കേണ്ടത്. എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ 10 ദിവസത്തിനകം മടങ്ങിപ്പോകണം. സാധാരണ നടപടിക്രമങ്ങള്‍ പ്രകാരം വിരലടയാളവും കണ്ണും സ്‌കാന്‍ ചെയ്യും.
തിരിച്ചു യുഎഇയിലേക്കു വരാന്‍ വിലക്കുണ്ടാകുമോ?
പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചു പോകുന്നവര്‍ക്ക് വീണ്ടും തൊഴില്‍ വീസയില്‍ യുഎഇയിലേക്ക് മടങ്ങി വരാന്‍ വിലക്ക് ഉണ്ടാകില്ല. അതേസമയം വീസയില്ലാതെ അനധികൃതമായി യുഎഇയിലെത്തിയവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റിനൊപ്പം രണ്ടു വര്‍ഷത്തെ വിലക്കും ഉണ്ടാകും. ഈ കാലാവധി അവസാനിച്ചാല്‍ മാത്രമെ യുഎഇയിലേക്ക് തിരിച്ചു വരാന്‍ കഴിയൂ.
അബ്‌സ്‌കോണ്ടിങ് കേസ് ഉണ്ടെങ്കില്‍ എന്തു ചെയ്യണം?
സ്‌പോണ്‍സറില്‍ നിന്നു മുങ്ങിയ (അബ്‌സ്‌കോണ്ടിങ്) കേസ് നേരിടുന്നവര്‍ക്ക് ഈ കേസ് പിന്‍വലിച്ചാല്‍ മാത്രമെ എക്‌സിറ്റ് പെര്‍മിറ്റ് ലഭിക്കൂ. മുങ്ങിയ കേസ് പിന്‍വലിക്കാന്‍ വ്യക്തികള്‍ക്ക് 121 ദിര്‍ഹം ആണു ഫീസ്. സ്വകാര്യ കമ്പനികള്‍ക്ക് 521, സര്‍ക്കാര്‍ മേഖലയ്ക്ക് 71 ദിര്‍ഹമുമാണ് ഫീസ്. ഇത് അടച്ചാല്‍ ഇമിഗ്രേഷന്‍ വകുപ്പ് ഈ കേസ് പിന്‍വലിക്കും. സ്‌പോണ്‍സറുടെ അടുത്തേക്ക് മടങ്ങിപ്പോകേണ്ടതില്ല. പുനര്‍പ്രവേശനത്തിന് വിലക്കില്ലാതെ എക്‌സിറ്റ് പെര്‍മിറ്റും ലഭിക്കും.
വിസ ഇഷ്യൂ ചെയ്ത എമിറേറ്റിലെ ബന്ധപ്പെട്ട ഇമിഗ്രേഷന്‍ വകുപ്പാണ് എക്‌സിറ്റ് പെര്‍മിറ്റും നല്‍കുക. യുഎഇയില്‍ വിവിധ എമിറേറ്റുകളിലായി ഒമ്പതു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായോ അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള എമര്‍ജന്‍സി ക്ലിയറന്‍സുമായോ ആണ് എക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പാസ്‌പോര്‍ട്ട് ഏതെങ്കിലും ഇമിഗ്രേഷന്‍ ഓഫീസിലാണെങ്കില്‍ ഇത് ഉടന്‍ അപേക്ഷകന് തിരിച്ചു നല്‍കും. പാസ്‌പോര്‍ട്ട് ഇല്ലെങ്കില്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി ക്ലിയറന്‍സ് നല്‍കും. ഇതുപയോഗിച്ച് പോലീസ് റിപ്പോര്‍ട്ട് ഇല്ലാതെ തന്നെ എക്‌സിറ്റി പെര്‍മിറ്റ് നല്‍കും. പൊതുമാപ്പിന് ഏതെങ്കിലും കേന്ദ്രത്തില്‍ അപേക്ഷ നല്‍കി പത്തു ദിവസത്തിനു ശേഷം യാത്രാ ടിക്കറ്റും തീയതിയും നല്‍കുകയും വേണം. എക്‌സിറ്റ് പാസ് ലഭിച്ചാല്‍ 10 ദിവസത്തിനകം രാജ്യം വിടണം.
എവിടെ അപേക്ഷിക്കണം?
ഒമ്പതു പൊതുമാപ്പു കേന്ദ്രങ്ങളാണ് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്ക് അനുബന്ധമായി പ്രവര്‍ത്തിക്കുന്നത്. അബുദബിയില്‍ അല്‍ ഐന്‍, ശഹാമ, അല്‍ ഗര്‍ബിയ എന്നീ കേന്ദ്രങ്ങളിലും ദുബയില്‍ അല്‍ അവീറിലും പൊതുമാപ്പ് കേന്ദ്രങ്ങളുണ്ട്. കൂടാതെ മറ്റു എമിറേറ്റുകളില്‍ ബന്ധപ്പെട്ട ഇമിഗ്രേഷന്‍ ഓഫീസുകളിലും പൊതുമാപ്പ് കേന്ദ്രങ്ങല്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ കേന്ദ്രങ്ങളും രാവിലെ എട്ടു മണി മുതല്‍ വൈകീട്ട് എട്ടു വരെ പ്രവര്‍ത്തിക്കും.
എംബസികളുടെ സഹായവും തേടാം
ഇന്ത്യന്‍ എംബസി, അബുദബി
02 449 2700
കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, ദുബയ്
056 546 3903
[email protected]