Sorry, you need to enable JavaScript to visit this website.

ദൈവിക കാരുണ്യത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണം, ദുര്‍ബലരെ മറക്കരുത്- മക്ക ഇമാം ശൈഖ് ബന്ദര്‍ അല്‍ ബലീല

മക്ക-ദൈവിക കാരുണ്യത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്ത് മക്ക ഇമാം ശൈഖ് ബന്ദര്‍ അല്‍ ബലീല. പ്രപഞ്ചത്തിന്റെ നാഥനായ ദൈവം കാരുണ്യത്തിന്റെ അക്ഷയ ഖനിയാണ്. സൃഷ്ടികളോടെല്ലാം അവന്‍ കാരുണ്യം ചെയ്യുന്നു, അവന്റെ കാരുണ്യം മനുഷ്യരുടെയും മറ്റു ജീവജാലങ്ങള്‍ക്കും മുകളില്‍ വീശിയടിക്കുന്നുണ്ട്. വിശിഷ്ടമായ മനുഷ്യന്റെ രൂപകല്‍പനയും സൃഷ്ടിപ്പും അവരുടെ നിലവാരത്തിനു ചേര്‍ന്ന ധാര്‍മ്മിക നിയമങ്ങളും ദിവ്യ കാരുണ്യത്തിന്റെ നിദര്‍ശനങ്ങളാണ്. മഴയും മേഘങ്ങളും അവന്റെ കാരുണ്യത്തിന്റെ അടയാളങ്ങളാണ്. സൃഷ്ടികള്‍ക്ക് അവന്‍ പകുത്തു നല്‍കിയ കാരുണ്യത്തിന്‍െ പങ്കു കൊണ്ടാണ് മനുഷ്യരിലെയും ജീവജാലങ്ങളിലെയും മാതാക്കള്‍ കുട്ടികളെ നൊന്തു പ്രസവിക്കുന്നതും പരിലാളിച്ചു വളര്‍ത്തുന്നതും. മനുഷ്യര്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ത്തി ഉല്‍കൃഷ്ടരാകാന്‍ വേണ്ടിയാണ് അവന്‍ പ്രവാകന്മാരെ നിയോഗിച്ചിരിക്കുന്നതും വേദങ്ങളും നിയമങ്ങളും നല്‍കിയിരിക്കുന്നതുമെല്ലാം.
അന്ത്യദിനത്തില്‍ അവന്റെ കാരുണ്യത്തിന്റെ മുഴുവന്‍ ശേഖരവും അവന്‍ സൂക്ഷ്മാലുക്കള്‍ക്കും ധാര്‍മ്മിക ബോധമനുസരിച്ചു ജീവിക്കുന്നവര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും അവരെ കാരുണ്യം കൊണ്ട് പൊതിയുകയും ചെയ്യും. മനുഷ്യര്‍ പരസ്പരം  കാരുണ്യത്തോടെ ഇടപഴകണമെന്നത്  ദൈവിക നിയമത്തിന്റെ അടിസ്ഥാന വശങ്ങളില്‍ പെട്ടതാണ്. ഞാന്‍ കാരുണ്യവാനാണ്, നിങ്ങള്‍ പരസ്പരം കരുണയോടെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നതു അല്ലാഹുവിന്റെ ആഹ്വാനമാണെന്ന് പ്രവാചകന്‍ പറയുകയുണ്ടായി.
മനുഷ്യരിലെ ദുര്‍ബല വിഭാഗങ്ങളോടും വീട്ടിലെ കാലികളോടും വളര്‍ത്തുമൃഗങ്ങളോടും കാരുണ്യം കാണിക്കണം. ദൈവിക കാരുണ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ പാപമോചനം തേടി ദൈവത്തിനു മുന്നില്‍ വിനയാന്വിതരാകണമെന്നും പരിശുദ്ധ മക്കയിലെ ഖുതുബ നിര്‍വഹിച്ചു കൊണ്ട് ശൈഖ് ഡോ. ബന്ദര്‍ ബലീല വിശ്വാസികളെ ഉപദേശിച്ചു.

 

 

Latest News