കോഴിക്കോട് - നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നിൽ വൻ കിട മരുന്ന് കമ്പനികളാണെന്നും ഫെയ്‌സ്ബുക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസെന്ന് പോലീസ് പറഞ്ഞു.
നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ചുള്ള ഫെയ്‌സ്ബുക് പോസ്റ്റ് വിവാദമായതിന് പിന്നാലെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാൽ, ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് പോസ്റ്റിനെതിരെ വിമർശം ഉയരുകയായിരുന്നു.
അതിനിടെ, കോഴിക്കോട്ട് ഇന്നും ഒരാൾക്കു കൂടി നിപ സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവർ നാലായി. നിപ ബാധയേറ്റ് ചികിത്സയിലിരിക്കെ ആഗസ്ത് 30ന് മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വ്യക്തിക്കാണ് ഇന്ന് നിപ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കോർപ്പറേഷൻ പരിധിയിലുള്ള ചെറുവണ്ണൂർ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. 39-കാരനായ ഇയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.