തിരുവനന്തപുരം - സ്പീക്കർ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന വാർത്തയിൽ പ്രതികരിച്ച് എ.എൻ ഷംസീർ. വീണാ ജോർജിനെ മാറ്റി മന്ത്രിസഭയിൽ എത്തുമോയെന്ന ചോദ്യത്തിന് 'തനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. മാധ്യമങ്ങളിൽ കണ്ട വിവരമേയുള്ളൂ. അതിനാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന്' മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായി സ്പീക്കർ എ.എൻ ഷംസീർ പ്രതികരിച്ചു.
രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന മുറക്ക് മന്ത്രിസഭ പുനസംഘട നടക്കുമെന്നും അതിൽ മുൻ ധാരണക്കു വിരുദ്ധമായി സ്പീക്കറെയും മാറ്റുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതോടാണ് എ.എൻ ഷംസീർ പ്രതികരിച്ചത്.
ഇടത് മുന്നണിയിലെ മുൻ ധാരണയനുസരിച്ച് ഗതാഗത മന്ത്രി കേരള കോൺഗ്രസിലെ ആന്റണി രാജുവും തുറമുഖ മന്ത്രി ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും രണ്ടരവർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് യഥാക്രമം കേരള കോൺഗ്രസ് ബിയിലെ കെ.ബി ഗണേഷ് കുമാറും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും പകരക്കാരായെത്തേണ്ടതാണ്. ഇതിൽ സോളാർ പീഡനക്കേസിൽ സി.ബി.ഐ റിപോർട്ടിൽ കൂടുതൽ വിവാദം ഉയർന്നതോടെയും സഹോദരിയുടെ വിമർശത്തിനും പിന്നാലെ ഗണേഷ്‌കുമാറിന്റെ വരവിന് തടസ്സമുണ്ടായേക്കുമെന്ന നിലയിൽ പല നിലയ്ക്കുള്ള അഭ്യൂഹങ്ങളും പുറത്ത് നടക്കുന്നുണ്ട്. സോളാർ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ചില സി.പി.എം നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. വരുന്ന നേതൃയോഗങ്ങളിലും മറ്റും ഇക്കാര്യം ചർച്ചയാകാനിരിക്കെയാണ് മാധ്യമങ്ങൾ പുതിയ വാർത്ത പുറത്തുവിട്ടത്. അതിനിടെ, മന്ത്രിസഭാ പുനസംഘടനയോടൊപ്പം സി.പി.എം മന്ത്രിമാരിലും മുഖംമിനുക്കലിന് നീക്കമുണ്ടെന്ന സൂചനകളും മാധ്യമവാർത്തകളിൽ നിറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോർജിനെ മാറ്റി സ്പീക്കറാക്കും എന്നായിരുന്നു വാർത്ത. ഈ വാർത്ത ശരിയാണെന്നോ വസ്തുതാപരമാണെന്നോ ഇടതുമുന്നണിയോ സി.പി.എമ്മോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.