കോഴിക്കോട് - ആശ്വാസ വാർത്തകൾക്കിടെ കോഴിക്കോട്ട് ഒരാൾക്കു കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫലം ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്.
നിപ പോസിറ്റീവായ വ്യക്തികൾ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിൽ ഇയാളും ചികിത്സ തേടിയിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗബാധയുണ്ടായതെന്നാണ് നിഗമനം. ഇതോടെ ജില്ലയിൽ നിപ വൈറസ് ബാധിച്ചവരുടെ കേസുകൾ നാലായി.
കഴിഞ്ഞദിവസം പരിശോധനയ്ക്കയച്ച 11 സാമ്പിളുകളും നെഗറ്റീവായത് വലിയ ആശ്വാസം പകർന്നിരുന്നു. ഇന്നലെ പുതുതായി 30 പേരുടെ കൂടി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ ജാഗ്രത പ്രതിരോധ നടപടികൾ ജില്ലയിൽ വളരെ ഊർജിതമായി മുന്നോട്ടു പോകുന്നുണ്ട്. ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള മൂന്നു മന്ത്രിമാരുടെയും മറ്റും സാന്നിധ്യത്തിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക യോഗം ചേരുന്നുണ്ട്.