Sorry, you need to enable JavaScript to visit this website.

അനുമതിപത്രമില്ലാതെ ഹജ്; ഉടന്‍ ശിക്ഷ വിധിക്കാന്‍ ജവാസാത്ത് സമിതികള്‍

ജിദ്ദ- അനുമതിപത്രം കൂടാതെ ഹജ് ചെയ്യാൻ ശ്രമിക്കുന്നവരെയും ഇവർക്ക് ഗതാഗത സൗകര്യം നൽകുന്നവർക്കെതിരെയും ഉടനടി ശിക്ഷ വിധിക്കാൻ സീസണൽ കമ്മിറ്റികൾക്ക് രൂപം നൽകിയതായി ജനറൽ ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. നിയമലംഘനം കർശനമായി തടയുന്നതിന്റെ ഭാഗമായാണ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമിതികൾ രൂപീകരിച്ചതെന്നും ജവാസാത്ത് ഡയരക്ടറേറ്റ് വ്യക്തമാക്കി. അർധ ജുഡീഷ്യറി സംവിധാനമായി, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സമിതികൾക്ക് നിയമലംഘനങ്ങൾക്ക് ഉടനടി ശിക്ഷ വിധിക്കുന്നതിന് അധികാരമുണ്ടായിരിക്കും. 
തസ്‌രീഹ് ഇല്ലാത്ത തീർഥാടകർക്ക് ഗതാഗത സൗകര്യം നൽകുന്നവർക്ക് 15 ദിവസം തടവും ഒരു നിയമലംഘകനായ തീർഥാടകന് 10,000 രൂപ എന്ന തോതിൽ പിഴയുമാണ് ശിക്ഷ വിധിക്കുക. വാഹന ഉടമ വിദേശിയാണെങ്കിൽ ജയിൽവാസത്തിന് ശേഷം സ്വദേശത്തേക്ക് നാടുകടത്തുകയും സൗദിയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് എന്നെന്നേക്കുമായി വിലക്കേർപ്പെടുത്തും. കൂടാതെ, നിയമലംഘനത്തെ കുറിച്ച് പ്രാദേശിക പത്രത്തിൽ സ്വന്തം ചെലവിൽ പരസ്യം ചെയ്യുകയും വേണം. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം, രണ്ടുമാസം വരെ തടവ് ശിക്ഷ അനുഭവിക്കുകയും നിയമലംഘകനായ തീർഥാടകരിൽ ഒരാൾക്ക് 25,000 എന്ന തോതിൽ പിഴ ഈടാക്കും. മേൽ ശിക്ഷകളും അനുഭവിക്കേണ്ടി വരും. നിയമലംഘകർക്ക് ഗതാഗത സൗകര്യം നൽകി മൂന്നാമത് തവണ പിടിക്കപ്പെട്ടാൽ തടവ് ശിക്ഷ ആറ് മാസമായും പിഴ അര ലക്ഷമായും ഉയർത്തും. 
ലോകത്തിന്റെ അഷ്ടദിക്കുകളിൽനിന്നും വിശുദ്ധ ഹജ് കർമത്തിനെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് പരമാവധി സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടി സൗദി ഭരണനേതൃത്വം നിഷ്‌കർഷിക്കുന്ന നിർദേശങ്ങളും വ്യവസ്ഥകളും പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ജവാസാത്ത് വിഭാഗം പൊതുജനങ്ങളോട് അഭ്യർഥിച്ചു. അനുമതിപത്രം കരസ്ഥമാക്കാതെ ഹജ് ചെയ്യുന്നത് കർശനമായി തടയുമെന്നും പിടിയിലാകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നൽകി. ഹജ് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പായി വിദേശ തീർഥാടകർ രാജ്യം വിടാനും ശ്രദ്ധിക്കണം. ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർ തങ്ങളുടെ നാടുകളിൽനിന്ന് ഇഷ്യു ചെയ്ത തസ്‌രീഹ് നിർബന്ധമായും കൈവശംവെക്കേണ്ടതാണെന്നും ജവാസാത്ത് ഡയരക്ടറേറ്റ് ഓർമിപ്പിച്ചു.
അതേസമയം, തസ്‌രീഹില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച ഏതാനും പേരെയും അവർക്ക് ഗതാഗത സൗകര്യം നൽകിയവരെയും സുരക്ഷാവിഭാഗത്തിന്റെ ഫീൽഡ് സംഘം അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടിയതായും സുരക്ഷാവിഭാഗം വെളിപ്പെടുത്തി. 
 

Latest News