Sorry, you need to enable JavaScript to visit this website.

'അപമാനം, നിന്ദ്യം, അലൻസിയറുടെ അവാർഡ് പിൻവലിക്കണം'; നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശം

തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തിൽ രോഷം ശക്തം. 'പുരസ്‌കാരമായി നൽകുന്ന ശിൽപം മാറ്റണമെന്നും പെൺപ്രതിമ നൽകി പ്രകോപിപ്പിക്കരുതെന്നുമാണ്' നടൻ തുറന്നടിച്ചത്. സ്‌പെഷ്യൽ ജൂറി അവാർഡ് സ്വീകരിച്ച ശേഷമായിരുന്നു നടന്റെ പരാമർശം. 
 'ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. ആൺകരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം താൻ അഭിനയം നിർത്തുമെന്നും' അലൻസിയർ പറഞ്ഞു. വിവാദ പ്രസ്താവനയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ് ഉയരുന്നത്. നടന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും നിന്ദ്യമായിപ്പോയെന്നും സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചു. 
 ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ലെന്നും നടന്റെ അവാർഡ് പിൻവലിക്കണമെന്നുമാണ് പലരുടെയും പ്രതികരണം. അപ്പൻ എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ് ഓവർ മാറാതെയാണ് ഇയാൾ ഇപ്പോഴുമുളളതെന്നും ചിലർ കുറ്റപ്പെടുത്തി.
 വളരെ മോശം ചിന്തയാണ് അലൻസിയറുടേത്. ഇത് അങ്ങേയറ്റം അപമാനകരവും നിന്ദ്യവുമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ഗുണനിലവാരം കണക്കിലെടുക്കാതെ ഈ അവാർഡ് പിൻവലിക്കണം. ആ പ്രതിമ കണ്ടിട്ട് അതിന്റെ ആശയം പോലും മനസ്സിലാവാത്ത ഒരു നടൻ മഹാദുരന്തമായിപ്പോയി. ശിപാർശയിൽ അവാർഡ് കൊടുത്താൽ ഇതാവും സ്ഥിതി. 'മിസ്റ്റർ അലൻസിയർ, ഉള്ളിലെ ആൺ അഹന്ത തന്നെയാണ് നിങ്ങൾ പുറത്തേക്ക് ഛർദിച്ചത്. പെണ്ണ് നിങ്ങൾക്ക് വെറുമൊരു പ്രലോപന വസ്തു മാത്രം ആണെന്ന് തന്നെയല്ലേ നിങ്ങൾ പറഞ്ഞു വെക്കുന്നത്? നിങ്ങൾ സ്വയം ആത്മപരിശോധന നടത്തി, കൃത്യമായ ചികിത്സ തേടണമെന്നും വിമർശകർ ഓർമിപ്പിച്ചു.
 മിസ്റ്റർ അലൻസിയർ, എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ സ്ഥിതി, ഇങ്ങേർക്ക് മാൻഡ്രേക്കിന്റെ തല സമ്മാനമായി കൊടുക്കണം എന്നിങ്ങനെ പോകുന്നു വിമർശങ്ങൾ.

Latest News