റിയാദ്- ഒരു മാസം പ്രായമുള്ള കുഞ്ഞിന് ഇഖാമയില്ലാത്തതിന്റെ പേരിൽ റിയാദ് എയർപോർട്ടിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് പ്രവാസി മലയാളി ഫെഡറേഷൻ തുണയായി. അങ്കമാലി സ്വദേശികളായ ജോബി, ഭാര്യ സിമി ജോർജ്, മകൻ എഡ്വിൻ എന്നിവരെയാണ് നാലു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പി.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ ഇടപെടലിൽ നാട്ടിലെത്തിക്കാനായത്. വാദി ദവാസിർ ജനറൽ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി നോക്കുന്ന സിമി ജോർജ്, തന്റെ ഒരു മാസം പ്രായമായ കുഞ്ഞിനെയും സന്ദർശക വിസയിലെത്തിയ ഭർത്താവ് ജോബിയെയും കൂട്ടി നാട്ടിലേക്ക് പോകാൻ റിയാദ് എയർപോർട്ടിലെത്തിയതായിരുന്നു. ബാഗേജ് വിട്ടതിനു ശേഷം എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞത്. ഒരു മാസം പ്രായമുള്ള കുഞ്ഞിന് റീ-എൻട്രിയോ ഫൈനൽ എക്‌സിറ്റോ ഉണ്ടായിരുന്നില്ല. എമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് പ്രകാരം ഇവർ ജവാസാത്തിൽ പോയെങ്കിലും പരിഹാരമായില്ല. സിമി ആരോഗ്യ മന്ത്രാലയത്തിന്റെ വിസയിലായതിനാൽ മന്ത്രാലയത്തിൽ നിന്നുള്ള രേഖകൾ കൊണ്ടുവന്നാൽ മാത്രമേ കുട്ടിയെ സിസ്റ്റത്തിൽ ചേർക്കാൻ സാധിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് ഇവർ തർഹീലിൽ പോയി രേഖകൾ ശരിയാക്കി വീണ്ടും എയർപോർട്ടിലെത്തി. പക്ഷേ അപ്പോഴും സിസ്റ്റത്തിൽ രേഖകൾ കൃത്യമായിരുന്നില്ലെന്നതിനാൽ ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വന്നു. തുടർന്നാണ് വാദി ദവാസിർ പി.എം.എഫ് യൂണിറ്റ് വഴി റാഫി പാങ്ങോടിനെ ബന്ധപ്പെട്ടത്. റാഫി ഇവരെ ശുമൈസി തർഹീലിൽ എത്തിച്ചെങ്കിലും രേഖകളിൽ കൃത്യതയുണ്ടായിരുന്നില്ല. പിതാവ് സന്ദർശക വിസയിലായതിനാൽ കുട്ടിക്ക് ഇഖാമ ഇഷ്യു ചെയ്യാനുള്ള സാങ്കേതിക തടസ്സമുണ്ടെന്നും അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയം വഴി ഭാര്യയുടെ പേരിലാക്കണമെന്നുമാണ് വ്യവസ്ഥ. അവസാനം ജവാസാത്ത് മേധാവിയെ കണ്ടു കാര്യങ്ങൾ വിശദീകരിച്ച് ഭാര്യയുടെ പേരിൽ താത്കാലിക ഇഖാമ ഇഷ്യൂ ചെയ്ത് ഫൈനൽ എക്‌സിറ്റ് അടിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവർ സൗദി എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് പോയി.