Sorry, you need to enable JavaScript to visit this website.

അൽ അഹ്മദിക്ക് രണ്ട് മണിക്കൂറിനകം ലഭിച്ചത് അഞ്ചു വ്യാജ സർട്ടിഫിക്കറ്റുകൾ

രണ്ടു മണിക്കൂറിനകം നേടിയ വ്യാജ സർട്ടിഫിക്കറ്റുകൾ. 
രണ്ടു മണിക്കൂറിനകം നേടിയ വ്യാജ സർട്ടിഫിക്കറ്റുകൾ. 
ഫഹദ് അൽ അഹ്മദി

റിയാദ്- സൗദി എഴുത്തുകാരൻ ഫഹദ് ആമിർ അൽ അഹ്മദി പ്രശസ്തമായ അമേരിക്കൻ യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള അഞ്ചു വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയത് വെറും രണ്ടു മണിക്കൂറിൽ. അമേരിക്കയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതിന് ഏറ്റവും കൂടുതൽ മുന്നോട്ടു വരുന്നത് ഗൾഫ് പൗരന്മാരും ഇന്ത്യക്കാരും ചൈനക്കാരുമാണെന്ന് ഡിപ്ലോമ ഫാക്ടറി'എന്ന പേരിൽ മുപ്പത്തിയൊന്നു വർഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം പറയുന്നു. ഇത് സ്വന്തം അനുഭവത്തിലൂടെ തെളിയിക്കുകയാണ് ഫഹദ് അൽ അഹ്മദി ചെയ്തിരിക്കുന്നത്. 
അമേരിക്കയിൽ നിന്ന് വ്യാജ ഉന്നത ബിരുദ സർട്ടിഫിക്കറ്റ് നേടുക ദുഷ്‌കരമല്ലെന്ന് ഫഹദ് അൽ അഹ്മദി തെളിയിക്കുന്നു. 
1989 ൽ അമേരിക്കയിൽ മിനസോട്ടയിലെ ഹാംലിൻ യൂനിവേഴ്‌സിറ്റിക്കു കീഴിലെ ഇൻസ്റ്റിറ്റിയൂട്ടിൽ ഇംഗ്ലീഷ് പഠിക്കുന്നതിനിടെ ഗ്യാരണ്ടിയുള്ള വ്യാജ സർട്ടിഫിക്കറ്റ് നൽകാമെന്ന് പറഞ്ഞ് മറ്റൊരു സൗദി വിദ്യാർഥി വഴി പരിചയപ്പെട്ട അമേരിക്കക്കാരൻ തന്നെ സമീപിച്ചിരുന്നതായി, വ്യാജ സർട്ടിഫിക്കറ്റുകളെ കുറിച്ച് നേരത്തെ ഏതാനും ലേഖനങ്ങളെഴുതിയ ഫഹദ് അൽഅഹ്മദി പറയുന്നു. തന്നെ വശീകരിച്ച് കീഴടക്കുന്നതിന് അമേരിക്കക്കാരന് സാധിച്ചു. രണ്ടു ദിവസത്തിനു ശേഷം സമീപത്തെ റെസ്റ്റോറന്റിൽ വെച്ച് വീണ്ടും കാണാമെന്ന് തങ്ങൾ ധാരണയിലെത്തി. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സമ്പാദിക്കുന്ന വരുമാനം ഉപയോഗിച്ച് ജീവിത കാലം മുഴുവൻ ജീവിക്കേണ്ടി വരുമെന്ന സത്യത്തിനു മുന്നിൽ അമേരിക്കക്കാരനുമായുള്ള ഇടപാട് അവസാനിപ്പിക്കുന്നതിന് അന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഫഹദ് അൽ അഹ്മദി വെളിപ്പെടുത്തുന്നു.


അമേരിക്കയിലുള്ള വ്യാജ സർട്ടിഫിക്കറ്റ് മാഫിയ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ എത്രമാത്രം പ്രതികൂലമായി ബാധിക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്യുന്നു എന്നതിനുള്ള തെളിവ് നിരത്തുന്നതിനാണ് മുപ്പതു വർഷത്തിനു ശേഷം വ്യാജ സർട്ടിഫിക്കറ്റ് കച്ചവടക്കാരനുമായി ധാരണയിലെത്തി രണ്ടു മണിക്കൂറിനകം പ്രശസ്ത യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള അഞ്ചു സർട്ടിഫിക്കറ്റുകൾ ഫഹദ് അൽ അഹ്മദി നേടിയത്. ലോകത്തെങ്ങുമുള്ള യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകളുടെ മാതൃകകൾ അടങ്ങിയ മൂന്നു കാറ്റലോഗുകളിൽ നിന്നാണ് ഫഹദ് അൽ അഹ്മദി അഞ്ചു സർട്ടിഫിക്കറ്റുകൾ തെരഞ്ഞെടുത്തത്. 
കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള ബാച്ചിലർ സർട്ടിഫിക്കറ്റ്, കാലിഫോർണിയ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള മാസ്റ്റർ സർട്ടിഫിക്കറ്റ്, ഓക്‌സ്ഫർഡ് യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള ഇംഗ്ലീഷ് ഡിപ്ലോമ, ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള ഐ.ടി സർട്ടിഫിക്കറ്റ് എന്നിവ ഫഹദ് അൽ അഹ്മദി ഒരുമിച്ച് വാങ്ങുമെന്ന് സർട്ടിഫിക്കറ്റ് കച്ചവടക്കാരൻ പ്രതീക്ഷിച്ചതല്ല. ഇതോടെ കൂടുതൽ ലാഭമുണ്ടാക്കുന്നതിനുള്ള കൊതിയിൽ, 50 ശതമാനം ഡിസ്‌കൗണ്ടിൽ നാലു സർട്ടിഫിക്കറ്റുകൾ കൂടി നൽകാമെന്ന ഓഫർ കച്ചവടക്കാരൻ മുന്നോട്ടു വെച്ചു. സൗദി സർട്ടിഫിക്കറ്റ് ലഭിക്കുമോയെന്ന ഫഹദ് അൽ അഹ്മദിയുടെ ചോദ്യത്തിന്, സൗദി സർട്ടിഫിക്കറ്റ് നിർമിക്കുന്നതിന് സാധിക്കില്ലെന്നും ജീവിതത്തിൽ ഇന്നു വരെ സൗദി സർട്ടിഫിക്കറ്റുകൾ താൻ കണ്ടിട്ടില്ലെന്നും കച്ചവടക്കാരൻ മറുപടി പറഞ്ഞു. 120 ഡോളറിനാണ് നാലു സർട്ടിഫിക്കറ്റുകൾ ഫഹദ് അൽ അഹ്മദി ആദ്യം വാങ്ങിയത്. സൗദി സർട്ടിഫിക്കറ്റുകൾ ഇതുവരെ കണ്ടിട്ടില്ല എന്ന കച്ചവടക്കാരന്റെ സത്യസന്ധമായ മൊഴി കേട്ട് ഫഹദ് അൽ അഹ്മദി ഇക്കണോമിക്‌സിൽ മാസ്റ്റർ സർട്ടിഫിക്കറ്റിനു കൂടി ഓർഡർ ചെയ്തു. രണ്ടു മണിക്കൂറിനകം തന്റെ പേരു മുദ്രണം ചെയ്ത് ലഭിച്ച അഞ്ചു സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകളും ഫഹദ് അൽ അഹ്മദി പുറത്തുവിട്ടു. 


വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയ പതിനായിരം പേരുടെ പട്ടിക പത്തു വർഷം മുമ്പ് അമേരിക്കൻ നീതിന്യായ മന്ത്രാലയം പുറത്തു വിട്ടിരുന്നു. ഇക്കൂട്ടത്തിൽ 70 പേർ സൗദികളാണ്. ഇവരെല്ലാം ഇന്ന് ഉന്നത തസ്തികകളിൽ ജോലി ചെയ്യുകയാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയ കൂട്ടത്തിൽ പെട്ട വനിത ഗൈനക്കോളജിസ്റ്റ് സർട്ടിഫിക്കറ്റാണ് നേടിയതെന്ന് അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 2012 ൽ സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നടത്തിയ പരിശോധനയിൽ അമേരിക്ക, യൂറോപ്പ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളുടെ പേരിലുള്ള 700 വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയിരുന്നു. വസ്തുതകൾ ഇതാണെങ്കിൽ മുൻ വർഷങ്ങളിൽ എത്രമാത്രം വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തപ്പെടാതെ പോയിട്ടുണ്ടാകുമെന്ന് ഫഹദ് അൽ അഹ്മദി ആരായുന്നു. 

 

 

 


 

Latest News