Sorry, you need to enable JavaScript to visit this website.

സഹോദരിക്ക് 'മാരക രോഗം' പറഞ്ഞ് കള്ളപ്പിരിവ്; ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങൾ നഷ്ടമായ യുവാവ് തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി - ഓൺലൈൻ റമ്മി കളിയിൽ ലക്ഷക്കണക്കിന് രൂപ കടത്തിലായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് വെള്ളരിക്കുണ്ട് റാണിപുരം പാറക്കൽ റെജി-റെജീന ദമ്പതികളുടെ മകനും പള്ളിവാസലിലെ റിസോർട്ട് ജീവനക്കാരനുമായ പി കെ റോഷ്(23)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
 പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായ യുവാവിനെ റിസോർട്ടിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
 ഏറെ നാളായി റോഷ് ഓൺലൈൻ റമ്മി കളിക്ക് അടിമയാണെന്ന് സഹപ്രവർത്തകർ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയതുമായ ലക്ഷക്കണക്കിന് രൂപ റമ്മി കളിയിലൂടെ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിലെ ഏകമകനായ റോഷ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ സഹോദരിക്ക് മാരക രോഗം ബാധിച്ചെന്നും സഹായിക്കണമെന്നും കള്ളം പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച് 80,000 രൂപ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഈ പണവും റമ്മി കളിച്ച് നഷ്ടപ്പെടുത്തിയെന്നാണ് സഹപ്രവർത്തകർ പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.
 

Latest News