തിരുവനന്തപുരം - സോളാർ കേസിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മന്ത്രി സജി ചെറിയാൻ. കേസിലെ പരാതിക്കാരിയും വക്കീലും തന്റെ അയൽവാസികളാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങളൊന്നും താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും അത് പുറത്തു പറഞ്ഞ് വിഴുപ്പലക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അയൽവാസി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ? ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ വിട്ടവരോടു പറയുക: വെറുതേ ഇതു തോണ്ടണ്ട, തോണ്ടിയാൽ പലർക്കും നാശം ഉണ്ടാകുമെന്നും മന്ത്രി ഓർമിപ്പിച്ചു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഇടതു നേതാക്കളായ ഇ.പി ജയരാജനും സജി ചെറിയാനും അടക്കമുള്ളവർ ബന്ധപ്പെട്ടിരുന്നുവെന്ന് കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.