റിയാദ്- ജർമ്മൻ ഫുട്‌ബോൾ താരം റോബർട്ട് ബോവർ ഇസ്ലാമതം സ്വീകരിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡിഫന്ററായ റോബർട്ട് ബോവർ ഇക്കാര്യം പറഞ്ഞത്. തന്റെ ഭാര്യയും കുടുംബവും വഴിയാണ് താൻ ഇസ്ലാമിലേക്ക് വന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
'ഇന്ന് എനിക്ക് സന്ദേശം അയയ്ക്കുന്ന എല്ലാ ആളുകളോടും. ഞാൻ എന്റെ ഭാര്യയും അവളുടെ കുടുംബവും മുഖേനയാണ് ഇസ്ലാമിലേക്ക് വന്നത്. വർഷങ്ങളേറെയായി, എന്റെ യാത്രയിൽ എന്നെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിച്ചതിനും നിങ്ങൾ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്.'
ഒരു വർഷത്തെ കരാറിൽ സൗദി പ്രൊഫഷണൽ ലീഗിൽ ചേർന്ന ബോവർ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ തായുടെ താരമാണ്.
28-കാരനായ ജർമ്മൻ ഫുട്‌ബോൾ താരം ബുണ്ടസ് ലീഗ് രണ്ടിൽ 2014 ഒക്ടോബർ 31-ന് ഫോർച്യൂണ ഡസൽഡോർഫിനെതിരെ ആൽഫ്രെഡോ മൊറേൽസിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ചു. 2016 ഓഗസ്റ്റിൽ വെൻഡർ ബ്രെമെനിലേക്ക് മാറി, 2 വർഷത്തിന് ശേഷം എഫ്സി നർൺബെർഗിൽ ചേർന്നു. എഫ്സി ആഴ്സനൽ തുല എന്ന റഷ്യൻ ക്ലബ്ബുമായി ദീർഘകാല കരാർ ഒപ്പിട്ട അദ്ദേഹം 2021 സെപ്റ്റംബറിൽ ബെൽജിയത്തിലെ സിന്റ്-ട്രൂയിഡനിലേക്ക് മാറി.
2015-ൽ ന്യൂസിലൻഡിൽ നടന്ന ഫിഫ അണ്ടർ-20 ലോകകപ്പിൽ ജർമ്മനിയെ പ്രതിനിധീകരിച്ച ബവർ 2016 സമ്മർ ഒളിമ്പിക്‌സിനുള്ള ടീമിന്റെ ഭാഗമായിരുന്നു. ഈ ടൂർണമെന്റിൽ ജർമ്മനി വെള്ളി മെഡൽ നേടിയിരുന്നു.